പുലിമുരുകന്‍ സിനിമയിലെ സംഘട്ടന രംഗങ്ങളില്‍ ഉപയോഗിച്ചത് ഡമ്മി കടുവയാണെന്ന രീതിയിലുള്ള പ്രചരണത്തില്‍ മറുപടിയുമായി സംവിധായകന്‍ വൈശാഖ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത് ഡമ്മി കടുവ തന്നെയാണെന്നും യഥാര്‍ത്ഥ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ക്യാമറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മിയെ ഉണ്ടാക്കിയതെന്നും വൈശാഖ് പറയുന്നു.
ചിത്രീകരണത്തിന് മുന്‍പുള്ള തയ്യാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാനാവില്ലല്ലോ? അതിനാല്‍ ഫ്രെയിം ഫിക്‌സ് ചെയ്യുമ്പോള്‍ ഡമ്മി ഉപയോഗിച്ച് അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. പുലിമുരുകനില്‍ കടുവ ഉള്‍പ്പെട്ട എല്ലാ ഷോട്ടുകളും ചിത്രീകരിക്കുന്നതിന് മുന്‍പ് ഡമ്മി വച്ചാണ് ക്യാമറ എവിടെ വയ്ക്കണമെന്നും എങ്ങനെ വയ്ക്കണമെന്നും അഭിനേതാക്കളുടെ ടൈംമിഗ് എന്താവണമെന്നുമൊക്കെ തീരുമാനിച്ചത്. നടീനടന്മാര്‍ അഭിനയിക്കുന്ന ഷോട്ടുകളാണെങ്കില്‍ അവരെവച്ചോ പകരം മറ്റാരെയെങ്കിലും വച്ചോ ഇത്തരം തയ്യാറെടുപ്പുകള്‍ സാധിക്കും. പക്ഷേ ഇവിടെ കടുവ ആയതിനാല്‍ ഡമ്മി ഉപയോഗിക്കേണ്ടിവന്നു.