ഓസ്‌ട്രേലിയയില്‍ യുവതി ആത്മത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പരാതി നല്‍കി; പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഭര്‍ത്താവെന്ന് മോനിഷ പറഞ്ഞിരുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഓസ്‌ട്രേലിയന്‍ പോലീസിനും കോട്ടയം എസ് പിയ്ക്കും പരാതി നല്‍കി. കഴിഞ്ഞ ആറിന് മെല്‍ബണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പൊന്‍കുന്നം പനമറ്റം സ്വദേശി മോനിഷ (27) യുടെ മരണത്തില്‍ ഭര്‍ത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നല്‍കിയിരിക്കുന്ന്.

കഴിഞ്ഞ ആറിന് മെല്‍ബണില്‍ ഇവര്‍ താമസിക്കുന്ന വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോനിഷ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. അരുണ്‍ ഓസ്ട്രേലിയയില്‍ നഴ്സായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ എം ബി എ (എച്ച് ആര്‍) കഴിഞ്ഞു ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനില്‍ ജോലി ചെയ്യുകയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് അരുണ്‍ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു.

എന്നാല്‍ വിവാഹ ശേഷം മോനിഷ ഓസ്ട്രേലിയയില്‍ ചെന്നപ്പോഴാണ് അരുണ്‍ മെയില്‍ നഴ്സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്ട്രേലിയയില്‍ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുണ്‍ നിര്‍ബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു. തുടര്‍ന്ന് അത്യാവശ്യമായി ഇരുപത് ലക്ഷം രൂപ വേണമെന്ന് അരുണ്‍ മോനിഷയോടും മാതാവ് സുശീലാ ദേവിയോടും അവശ്യപ്പെട്ടിരുന്നു.

ഈ മാര്‍ച്ചില്‍ വിരമിക്കുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളായി ലഭിക്കുന്ന പണം അരുണിന് നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും പണം നേരത്തെ വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ട പ്രകാരം സുശീലാ ദേവി ലോണിന് അപേക്ഷ നല്‍കിയിരിക്കുകയായിരുന്നു. അതിനിടെ മൂന്ന് ലക്ഷം രൂപ മുന്‍കൂറായി അയച്ചു നല്‍കുകയും ചെയ്തു. ഇതിനിടയിലായിരുന്നു മോനിഷയുടെ മരണം.

ഒന്നര വര്‍ഷം മുമ്പ് ഇരുവരും ഒന്നിച്ച് ഓസ്ട്രേലിയയിലേക്ക് പോയി ആറു മാസത്തിന് ശേഷം മോനിഷ നാട്ടില്‍ എത്തിയിരുന്നു. അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ തന്നോടു പറഞ്ഞിരുന്നതായി സുശീലാദേവി പറയുന്നു. പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ അരുണ്‍ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മോനിഷയുടെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ അരുണ്‍ സംസ്‌കാരത്തിന് ശേഷം പിന്നീട് മോനിഷയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. പല തവണ മോനിഷയുടെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അരുണ്‍ ഫോണ്‍ എടുക്കാന്‍ തയാറായില്ലെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരുണ്‍ തിരിച്ചു പോകുന്ന കാര്യവും മോനിഷയുടെ അമ്മയെ അറിയിച്ചിരുന്നില്ല.
മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ പിതാവ് മരിച്ചതാണ്. തുടര്‍ന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളര്‍ത്തിയത് അമ്മയാണ്. മകള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെങ്കില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.

Top