കൊച്ചി:കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വന്നത് ചികിത്സക്കെന്ന് മോൻസൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരൻ തന്‍റെ വീട്ടിൽ താമസിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞ് അന്നു തന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോൻസന്‍ പറഞ്ഞു.അതേസമയം ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍ മാവുങ്കലിനു ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. മോൻസനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സന്‍റെ വാദം.
വയനാട് ഭൂമി പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് മീനച്ചിൽ സ്വദേശി രാജീവിൽ നിന്ന് 1.72 കോടി രൂപ തട്ടിച്ചെന്ന പരാതിയിൽ മൂന്ന് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെതുടർന്ന് ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്.മോൻസന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എച്ച്എസ്ബിസി ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1) പുരാവസ്തു തട്ടിപ്പുകേസ്: വ്യാജ പുരാവസ്തുക്കൾ കാണിച്ച് ആറു പേരിൽ നിന്നും 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ്. തന്റെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഉണ്ടെന്നും മ്യൂസിയം ഉണ്ടാക്കി പാർട്ണർമാർ ആക്കാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
2) ശില്പി സന്തോഷ് നൽകിയ പരാതിയിലെ കേസ്: തിരുവനന്തപുരം സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശിൽപങ്ങളും വിഗ്രഹങ്ങളും നൽകിയ വകയിൽ എഴുപതു ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെയിരുന്നു കേസ്. സുരേഷ് നിർമ്മിച്ചു നൽകിയ വസ്തുക്കൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
3) ഭൂമി പാട്ടത്തിന് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: കോട്ടയം മീനച്ചൽ സ്വദേശിയിൽ നിന്നാണ് ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് മോൻസൺ ഒന്നെമുക്കാൽ കോടി രൂപ തട്ടിയെടുത്തത്. വയനാട്ടിൽ എസ്റ്റേറ്റ് ഭൂമിയിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് കൊടുക്കാമെന്ന് ആയിരുന്നു വാഗ്ദാനം.
4) സംസ്കാര ടി.വിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പ് കോടിക്കണക്കിന് രൂപയാണ് മോൻസൺ മാവുങ്കൽ തട്ടിച്ചു എന്നാണ് എന്നാണ് പരാതി.
5) മൂന്നുകോടി തട്ടിയെന്ന് സന്തോഷിന്റെ പരാതി കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അഞ്ചാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശില്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം മൂന്നു കോടി രൂപ നൽകാതെ മോൻസൺ കബളിപ്പിച്ചു എന്നായിരുന്നു സന്തോഷിന്റെ പരാതി. ക്രൈംബ്രാഞ്ച് സംഘം സന്തോഷിൽ നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. മോൻസന്റെ വീട്ടിലുള്ള വസ്തുക്കളിൽ 70 ശതമാനത്തിലേറെയും താൻ നൽകിയതെന്നാണ് സന്തോഷ് മൊഴി നൽകിയിരുന്നത്.