തിരുവനന്തപുരം :
പുരാവസ്‌തു തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തള്ളിപ്പറയാത്തത് ഇവർ തമ്മിലുള്ള ബന്ധത്തിനു തെളിവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
തട്ടിപ്പ് പുറത്തുവന്നിട്ടും അദ്ദേഹത്തെ ഡോക്‌ടർ എന്ന് സംബോധന ചെയ്‌താണ് സുധാകരൻ സംസാരിക്കുന്നത്. തന്നെ ചികിത്സിച്ചത് വ്യാജ ഡോക്‌ടറാണെന്ന് അറിഞ്ഞിട്ടും പരാതി നൽകാൻ സുധാകരൻ തയ്യാറായിട്ടില്ല. തട്ടിപ്പുകാരനിൽ നിന്ന് എന്ത് ചികിത്സയാണ് തേടിയതെന്ന് അദ്ദേഹം വ്യക്തമാക്കണം. സുധാകരൻ അറിഞ്ഞാണ് പണമിടപാട് എന്ന പരാതിക്കാരന്റെ വെളിപ്പെടുത്തലിനെ ശരിവയ്‌ക്കുന്നതാണ് ഈ നിലപാട്.
മാഫിയാവൽക്കരണത്തിന്റെ പ്രതീകമായി സുധാകരൻ മാറി. ഇങ്ങനെ പോയാൽ കേരളത്തിലെ കോൺഗ്രസിനെ പുരാവസ്‌തുശേഖരത്തിൽ കാണേണ്ടിവരും. വ്യാജ ഡോക്ടറുടെ ചികിത്സ തേടിപ്പോയ സുധാകരനാണ് കേരളത്തിലെ കോൺഗ്രസിനെ ചികിത്സിക്കുന്നത്. പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നതായും പ്രതി എത്ര ഉന്നതനായാലും പരാതിക്കാർക്ക് നീതി ലഭിക്കും എന്നതിന് തെളിവാണിതെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.