തിരുവനന്തപുരം:മൂന്നാര്‍ : മൂന്നാറില്‍ എസ്റ്റേറ്റ് മേഖലകളില്‍ ബോണസ് വിതരണവുമായി ബന്ധപ്പെട്ടുള്ള തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. ബോണസ് പ്രശ്നത്തില്‍ മൂന്നാറിലെ യൂണിയന്‍ പ്രതിനിധികളും മാനേജ്മെന്‍റുമായി തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. യൂണിയന്‍ പ്രതിനിധികളും മാനേജ്മെന്‍റുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും.അതേസമയം മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് അർഹതപ്പെട്ട ബോണസ് ഉടൻ നൽകാനും സമരം ഒത്തുതീർപ്പാക്കാനും സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം നൽകിയ 19 ശതമാനം ബോണസ് ഈ വർഷം പത്തു ശതമാനമാക്കി കെ.ഡി.എച്ച്.പി കമ്പനി ഏകപക്ഷീയമായി വെട്ടിച്ചുരുക്കിയതാണ് സമരത്തിനാധാരമായ പ്രധാന വിഷയം. ഈ വർഷം ഇരുപത് ശതമാനം ബോണസെങ്കിലും നൽകണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ആറുദിവസമായി മൂന്നാറിലെ തോട്ടം തൊഴിലാളികൾ ഒന്നടങ്കം സമരരംഗത്താണ്. സെക്രട്ടേറിയറ്റ് പടിക്കലെ സമരവും പ്രചാരണജാഥകളും സൂചനാ പണിമുടക്കുമൊക്കെ നടത്തിയതിനുശേഷവും പ്രശ്‌നം പരിഹരിക്കപ്പെടാതെ വന്നപ്പോഴാണ് തൊഴിലാളികൾ തെരുവിലിറങ്ങി പ്രക്ഷോഭം ശക്തിപ്പെടുത്തിയത്. ഇപ്പോൾ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചാണ് ആയിരക്കണക്കിന് സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ
സമരരംഗത്ത് നിലയുറപ്പിച്ചിട്ടുളളത്. ഇത് മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തോട്ടം തൊഴിലാളികൾക്ക് ലായം നിർമ്മിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി നൽകിയ പതിനാറായിരം ഏക്കർ ഈ സർക്കാർ കമ്പനികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതുമൂലം തൊഴിലാളികൾ നരകതുല്യമായാണ് ജീവിക്കുന്നത്. ഇതിന് പുറമേയാണ് അവർക്ക് മുൻവർഷം നൽകിയതും ന്യായമായി ഇത്തവണയും നൽകേണ്ടതുമായ ബോണസ് കൂടി നിഷേധിച്ചിരിക്കുന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
സിഐറ്റിയു, എഐറ്റിയുസി, ഐഎൻറ്റിയുസി തൊഴിലാളി യൂണിയനുകളുടെ വഞ്ചനയിൽ പൊറുതി മുട്ടിയ തൊഴിലാളികളാണ് ടാറ്റാ കമ്പനിക്കെതിരെ സമരത്തിന് തിരിഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയാണ് സമരം മുന്നേറുന്നത്. ഇതോടെ തേയില ഫാക്ടറിയുടെ പ്രവർത്തനം നിലക്കുന്ന സ്ഥിതിയിലായി. ഒരു എസ്റ്റേറ്റിലും കിളുന്ത് നുള്ളുന്നില്ല. നേതൃത്വമില്ലാത്ത സമരത്തിലേക്ക് തീവ്രസ്വഭാവമുള്ള സംഘടനകൾ കടന്നുകയറാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് വൻ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ആത്മഹത്യചെയ്യാനുള്ള ശ്രമവും തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. എല്ലാ വർഷവും 19 ശതമാനമായിരുന്നു ഓണം ബോണസ്. എന്നാൽ ഈ വർഷം പത്ത് ശതമാനമാക്കി വെട്ടിക്കുറച്ചു. ഇതാണ് സമരത്തിന് കാരണമായത്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചുകൊണ്ടുള്ള സമരമാണ് ആദ്യം നടന്നത്. സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ഉൾപ്പടെയുള്ളവർ സമരത്തിന് പിന്തുണയുമായി എത്തിയെങ്കിലും സമരക്കാർ അവരെ ഒഴിവാക്കി. ഇടുക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സമരം അരങ്ങേറിയത്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദേവികുളം ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരുമായി ചർച്ച നടത്തി. രണ്ട് ദിവസത്തിന് ശേഷമേ ചർച്ചയുള്ളൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സമരം നടത്തുന്ന തൊഴിലാളികൾ എല്ലാവരും തമിഴ് വംശജരാണ്. ഇതിനാൽ തന്നെ തന്ത്രപരമായ സമീപനം സ്വീകരിക്കേണ്ട സ്ഥിതിയും നിലനിൽക്കുന്നു. ബിഎംഎസ് ബിജെപി സംഘടനകൾ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും സമരത്തിനെതിരാണ്. രാത്രി വൈകിയും സമരക്കാർ റോഡ് ഉപരോധം തുടരുകയാണ് ജില്ലാകളക്ടർ മൂന്നാറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.