
തൊടുപുഴ: മൂന്നാറിലെ ഭൂമി കൈയേറ്റത്തിലെ മൂന്നാര്‍ നഗരവും പരിസരവും ഉള്‍പ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ല എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് . ഇതു സംബന്ധിച്ച രേഖകളൊന്നും കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് ഓഫിസില്‍ ഇല്ല.കെഎസ്ഇബി, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ ഭൂമിക്കു പുറമെ പട്ടയ ഭൂമിയും കെഡിഎച്ച് വില്ലേജിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ ഭൂമി സംബന്ധിച്ചുള്ള നിര്‍ണായക രേഖകളുടെ പല പേജുകളും നികുതി രജിസ്റ്റര്‍, സര്‍വെ മാപ്പ്, ലിത്തോ മാപ്പ് എന്നിവയും കാണാനില്ല. എല്ലാം നശിപ്പിച്ചതായാണ് സൂചന.പല ഘട്ടങ്ങളില്‍ റീ സര്‍വെ നടത്തിയെങ്കിലും ഇതില്‍ ക്രമക്കേട് ഉണ്ടായതിനെത്തുടര്‍ന്ന് പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയില്ല. റീ സര്‍വെക്ക് കോടികളാണ് സര്‍ക്കാര്‍ തുലച്ചത്. ചിന്നക്കനാല്‍ പ്രദേശത്ത് സര്‍വെ ഉദ്യോഗസ്ഥര്‍ രേഖകളില്‍ ക്രമക്കേട് നടത്തി. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി രേഖകളുണ്ടാക്കി. ഇതിനു നേതൃത്വം നല്‍കിയ ശ്രീരാജ് എന്ന ഉദ്യോഗസ്ഥനെതിരെ മാത്രമാണ് നടപടിയെടുത്തത്. ഇയാള്‍ക്കൊപ്പം തിരിമറി നടത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ തയാറാക്കിയ സര്‍വെ രേഖകള്‍ സര്‍ക്കാര്‍ രേഖയായി ചിന്നക്കനാലില്‍ നിലനില്‍ക്കുന്നു.
അതേസമയം ഭൂമി കൈയേറ്റം സംബന്ധിച്ച് ആരോപണ വിധേയനായ ദേവികുളത്തെ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരായ കുരുക്ക് മുറുകുന്നു. രാജേന്ദ്രേന്‍റത് പട്ടയഭൂമിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ കൈയേറ്റ മാഫിയയുടെ ആളാണെന്ന് തുറന്നടിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ സംശയം കൂടുതല്‍ ബലപ്പെടുകയാണ്.
വൈദ്യുതി ബോര്‍ഡിെന്‍റ ഭൂമി കൈയേറിയാണ് രാജേന്ദ്രന്‍ വീടുവെച്ചതെന്ന ആരോപണം നേരേത്തയുണ്ട്. തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍, താന്‍ താമസിക്കുന്നത് പട്ടയ ഭൂമിയിലാണെന്നും 2000-2003 കാലത്ത് അന്ന് എം.എല്‍.എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. മണി അധ്യക്ഷനായ ഭൂമിപതിവ് കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് പട്ടയം നല്‍കിയത് എന്നുമായിരുന്നു രാജേന്ദ്രെന്‍റ വാദം.
എന്നാല്‍, ഇൗ കാലയളവില്‍ ഭൂമിപതിവ് കമ്മിറ്റി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്നാണ് ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒാഫിസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. അന്ന് എം.എല്‍.എ അല്ലാതിരുന്ന രാജേന്ദ്രന്‍ സ്വന്തമായി കിടപ്പാടമില്ലെന്നുകാണിച്ച് പട്ടയത്തിന് അപേക്ഷ നല്‍കിയെന്നും മാനുഷിക പരിഗണനവെച്ച് കമ്മിറ്റി യോഗം ചേരാതെ പട്ടയം നല്‍കാന്‍ തീരുമാനിച്ചെന്നും എ.കെ. മണി ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, അന്ന് പട്ടയം ലഭിച്ച ഭൂമിതന്നെയാണോ ഇപ്പോള്‍ രാജേന്ദ്രെന്‍റ കൈവശമുള്ളത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മണി പറയുന്നു. രാജേന്ദ്രെന്‍റ കൈവശമുള്ള ഭൂമി സംബന്ധിച്ച കേസില്‍ 1992ല്‍ ദേവികുളം മുന്‍സിഫ് കോടതി വൈദ്യുതി ബോര്‍ഡിന് അനുകൂലമായി വിധി പറഞ്ഞിരുന്നതായി കേസില്‍ ബോര്‍ഡിനുവേണ്ടി ഹാജരായ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കൂടിയായ അഭിഭാഷകന്‍ എസ്. അശോകന്‍ പറയുന്നു. ഇൗ സാഹചര്യത്തില്‍ രാജേന്ദ്രന് പട്ടയം ലഭിച്ചെന്നു പറയുന്നതില്‍ ദുരൂഹതയുള്ളതായാണ് ആരോപണം.