മങ്കട: സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍ കാണപ്പെട്ട യുവാവ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പൊലീസ് വയനാട്ടില്‍ തെരച്ചില്‍ നടത്തിയിട്ടുണ്ട്.
മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) ഒരു കൂട്ടം യുവാക്കളുടെ അടിയേറ്റ് മരിച്ചത്. മങ്കടക്കടുത്ത് കൂട്ടിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.വീടിനുള്ളില്‍ വച്ചാണ് നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറിയ നാട്ടുകാര്‍ യുവാവിന്‍റെ തല ചുമരിനോട് ചേര്‍ത്തു വച്ചാണ് മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബോധരഹിതനായി കിടന്ന നസീറിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ വച്ച് രാവിലെ എഴ് മണിയോടെ നസീര്‍ മരിക്കുകയായിരുന്നു.