കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ ഗുണ്ടായിസത്തിന് കൂട്ട് കേരള പോലീസ്. മറൈന്‍ ഡ്രൈവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായാണ് ശിവസേന ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കുട്ടികളെ ചൂരലുകൊണ്ട് അടിച്ചോടിക്കുകയായിരുന്നു. ഈ സമയത്ത് മുഴുവന്‍ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരേയും പോലീസിനേയും നേരത്തെ അറിയിച്ചതിനുശേഷമാണ് ശിവനസേന അഴിഞ്ഞാടിയത്.
പ്രകടനവുമായെത്തിയ പ്രവര്‍ത്തകരുടെ കൈയ്യില്‍ ചൂരല്‍ ഉണ്ടായിരുന്നു. ഇതുയര്‍ത്തി ഓടെടാ എന്നാക്രോശിച്ച് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഓടിക്കുകയായിരുന്നു. നീയൊക്കെ എന്തിനാടീ വന്നതെന്ന് ചോദിച്ചായിരുന്നു പെണ്‍കുട്ടികളെ ഓടിച്ചത്. പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ എല്ലാം നോക്കിനില്‍ക്കുകയായിരുന്നു. അക്രമികളെ തടയാനോ താക്കീത് ചെയ്യാനോ പൊലീസ് തയ്യാറായില്ല.
അടുത്തിടെ കൊല്ലം അഴീക്കലില്‍ നടന്ന സദാചാര ഗൂണ്ടായിസത്തെ തുടര്‍ന്ന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരം കനകക്കുന്നിലും സമാന സംഭവം അരങ്ങേറി. അവിടെ കേരള പൊലീസ് തന്നെയായിരുന്നു സദാചാര ഗൂണ്ടായിസം ഏറ്റെടുത്തത്. കനകക്കുന്നില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് അപമാനിക്കുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവം കുട്ടികള്‍ ഫെയ്സ്ബുക്ക് ലൈവായി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് വിവാദമായി. ഇക്കാര്യത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.