കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം. കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചുംബന സമരം നടന്നു. രണ്ടാം ചുംബന സമരമാണിത്. കിസ് ഓഫ് ലവിന്റ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. 2014 നവംബര്‍ രണ്ടിനായിരുന്നു മറൈന്‍ഡ്രൈവില്‍ ആദ്യ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നത്.
കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തെരുവു നാടകം നടത്തുകയും കൂട്ടമായി പാട്ടുകള്‍ പാടുകയും ചെയ്തു. അതിനുശേഷം പരസ്പരം ചുംബിച്ച് പ്രതിഷേധിക്കുകയും ചെയ്തു. നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ശിവസേനക്കാരുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ‘സ്‌നേഹ ഇരിപ്പു സമരം നടത്തി. സദാചാര ചൂരല്‍ വിറ്റ് കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
രാജ്യാന്തര വനിതാ ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും മോശം വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. മറൈന്‍ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും നോക്കിനില്‍ക്കുമ്പോഴാണു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. ശിവസേനയുടെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി.