കൊടുങ്ങല്ലൂര്‍: സദാചാരഗുണ്ടകളുടെ വിളയാട്ടത്തില്‍ യുവാവ് ഗുരുതരാവസസ്ഥയില്‍ ആശുപത്രിയില്‍. യുവാവിനെ യുവാവിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം, ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച്ച രാത്രിയിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി (47) നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവില്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
ഇയാളെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയിന്‍മേല്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. അതേ സമയം മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് രൂപികരിച്ച ജനകീയ കൂട്ടായ്മയാണ് ഗുണ്ടകളായി മാറുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.