ഹൈദരാബാദ്: സ്വദേശത്തേക്ക് കൊണ്ടുവരാനാകാതെ സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ കഴിയുന്നത് 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍. തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഒരു വര്‍ഷത്തോളമായി സൗദി അറേബ്യയിലെ വിവിധ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇവ നാട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ക്ക് സാധിക്കാത്തതാണ് കാരണം. സൗദിയിലെ ഇന്ത്യന്‍ എംബസി ഇതിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
രോഗങ്ങള്‍ ബാധിച്ചും അപകടങ്ങളില്‍പെട്ടും ആത്മഹത്യ ചെയ്തും കൊലചെയ്യപ്പെട്ടും മരിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെ ചെലവ് വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബന്ധുക്കള്‍ക്ക് ഇത് നല്‍കാനാവാത്തതാണ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ കാരണമാകുന്നത്. തൊഴിലുടമക്ക് കത്തയക്കുക എന്നതിലപ്പുറം ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി കൂടുതല്‍ ഒന്നും ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി പത്ത് ലക്ഷം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.