സ്വന്തം ലേഖകൻ
കോട്ടയം: മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച പ്രതിയെ ഇരയായ വീട്ടമ്മ കാറിൽ പിൻതുടർന്നു പിടികൂടി. സിനിമാ സ്റ്റൈലിൽ രണ്ടു കിലോമീറ്ററോളം ദൂരം പിൻതുടർന്ന് കാർ റോഡിനു കുറുകെ നിർത്തിയാണ് ഇവർ പ്രതികളെ പിടികൂടി പൊലീസിനു കൈമാറിയത്. ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയുടെ സാഹസത്തിൽ കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയായ യുവാവും അയാളുടെ അടൂർ, കട്ടപ്പന സ്വദേശികളായ സുഹൃത്തുക്കളുമാണ്. തന്റെയും മകളുടെയും അശഌലചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഇവർ പോലീസിൽ പരാതി നൽകിയിട്ടും ഫലം കാണാതെ വരികയായിരുന്നു.
വിദേശത്തായിരുന്ന പ്രതി നാട്ടിൽ എത്തിയപ്പോഴാണ് യുവതി പിന്തുടർന്ന് പിടികൂടിയത്. ഈ മാസം ആദ്യം നാട്ടിലെത്തിയ ഇയാളെയും മുംബൈയിൽ നിന്നും ഇയാൾക്കൊപ്പം എത്തിയ സുഹൃത്തുക്കളും സഞ്ചരിച്ച കാർ യാത്രാമദ്ധ്യേ സ്വന്തം കാർ കൊണ്ട് തടഞ്ഞിടുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഈ മാസം ആദ്യം മുംബൈയിൽ വിമാനമിറങ്ങിയ യുവാവ് അവിടെ നിന്നും സുഹൃത്തുക്കൾക്കൊപ്പം കോട്ടയത്ത് ഗസ്റ്റ് ഹൗസിൽ എത്തിയതായി വിവരം കിട്ടിയ യുവതി പ്രതികളെ തേടി അവിടെയെത്തി. എന്നാൽ പ്രതികൾ ഈ സമയത്ത് പത്തനംതിട്ടയിലേക്ക് പോയിരുന്നു. തുടർന്ന് യുവതി അവിടെയും തേടിയെത്തിയെങ്കിലും ഇവർ അവിടെ നിന്നും പോയി. പ്രതികളെ കാണാനാകാതെ മടങ്ങുമ്പോൾ പത്തനംതിട്ട റിംഗ് റോഡിൽ പ്രതിയുടെ കാർ കാണുകയും തന്റെ കാർ കുറുകെയിട്ട് ഈ കാർ തടയുകയും പോലീസിനെ വിളിച്ചുവരുത്തി പിടിച്ചുകൊടുക്കുകയുമായിരുന്നു. പ്രതി ഷൈജു സുകുമാരനെതിരേ കോഴഞ്ചേരി സ്വദേശിനിയായ മറ്റൊരു യുവതിയും സമാന ഗതിയിലുള്ള പരാതി ഉന്നയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഈ യുവതി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. രണ്ടുകേസിലൂം ഷൈജു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരാതി നൽകിയിട്ടും പോലീസ് കാര്യമായി ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. തന്റെ കേസിലും പരാതി നൽകിയിട്ട് പോലീസ് മെല്ലെപ്പോക്ക് നടത്തിയതാണ് പ്രതിയെ പിടികൂടാൻ ഇറങ്ങാൻ ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ പ്രേരിപ്പിച്ചത്.