കൊതുകിനെ തുരത്താന്‍ വന്ധ്യംകരണം; പുതിയ കണ്ടു പിടുത്തവുമായി ശാസ്ത്രജ്ഞന്മാര്‍

സിഡ്‌നി: കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ കൊതുകുജന്യ രോഗങ്ങള്‍ തടയാം എന്ന കണ്ടു പിടുത്തവുമായി ശാസ്ത്രജ്ഞന്മാര്‍. ആസ്‌ത്രേലിയയിലെ സിഎസ്‌ഐആര്‍ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടുപിടുത്തം. ഇതിലൂടെ കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, സിക്ക പോലുള്ളവ തടയാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ആണ്‍കൊതുകുകളെ വളര്‍ത്തി ഇവയിലേക്ക് പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചി എന്ന ബാക്ടീരിയയെ കടത്തിവിടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇവയെ കൊതുകുകള്‍ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നുവിടുകയും ഇവ പെണ്‍ കൊതുകുകളുമായി ഇണചേരുകയും പെണ്‍കൊതുകുകള്‍ മുട്ട ഇടുകയും ചെയ്യുന്നു. എന്നാല്‍, വോല്‍ബാച്ചി ബാക്ടീരിയകള്‍ ആണ്‍കൊതുകുകളുടെ പ്രത്യുല്‍പാദനശേഷി നശിപ്പിച്ചതിനാല്‍ മുട്ടകള്‍ വിരിയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം ക്രമേണ കുറയുകയും ചെയ്യുമെന്നതാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 20 മില്യണ്‍ കൊതുകുകളെ ഇത്തരത്തില്‍ വന്ധ്യംകരിച്ച് തുറന്നുവിട്ടിട്ടുണ്ട്.

Top