സ്‌റ്റോക്‌ഹോം:അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും ജനിച്ചു .അല്‍ഭുതകരം … ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് അമ്മയും കുഞ്ഞും ജനിക്കുക. സ്വീഡനിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് പിടിപ്പിച്ചാണ് ഗര്‍ഭധാരണം നടന്നത്.
എമില്‍ എറിക്‌സണി (30)ന് ജന്മനാ ഗര്‍ഭപാത്രമില്ലായിരുന്നു. അതിനാല്‍ ഗര്‍ഭധാരണം അസാധ്യവും. അപ്പോഴാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ഡോ. മാറ്റ്‌സ് ബ്രാന്‍സ്‌റ്റോമിനെപ്പറ്റി അവര്‍ കേള്‍ക്കുന്നത്. എമിലും ഭര്‍ത്താവ് ഡാനിയേല്‍ ക്രിസോഗും ചേര്‍ന്ന് അദ്ദേഹത്തെ പോയി കണ്ടു, പലകുറി. പക്ഷെ യോജിച്ച ഗര്‍ഭപാത്രത്തിനായി കാത്തിരുന്നു. അപ്പോഴാണ് എമിലിന്റെ അമ്മ മേരി എറിക്‌സണ്‍ ഒരുപായം പറഞ്ഞത്.
എനിക്ക് വയസ് 53. ഇനി ഗര്‍ഭപാത്രത്തിന്റെ ആവശ്യമൊന്നുമില്ല. അത് നീയെടുത്തോ… പുതിയ ആശയത്തില്‍ എമിലിനും ഡാനിയേലിനും അത്ര ഉറപ്പുണ്ടായിരുന്നില്ല. അവരും മേരിയും പലകുറി ഡോക്ടറെ കണ്ടു, പരിശോധനകള്‍ നടത്തി. ഒടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, കുഴപ്പമില്ല ഈ ഗര്‍ഭപാത്രം എമിലിന് ചേരും. പിന്നെ നീണ്ട ഒരുക്കങ്ങള്‍, ഡോ. മാറ്റ്‌സ് ബ്രാന്‍സ്‌റ്റോം തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. മേരിയുടെ ഗര്‍ഭപാത്രം എമിലിന് വച്ചുപിടിപ്പിച്ചു.
രണ്ടു തവണ ശരീരം മേരിയുടെ ഗര്‍ഭപാത്രം തള്ളിയെങ്കിലും സ്‌റ്റെറോയ്ഡ് ഉപയോഗിച്ച് പ്രശ്‌നം പരിഹരിച്ചു. ഒടുവില്‍ ഗര്‍ഭപാത്രം എമിലിന്റെ ശരീരവുമായി ഇഴുകിചേര്‍ന്നു. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇനി ഗര്‍ഭധാരത്തിന് കുഴപ്പമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.
വൈകാതെ എമില്‍ ഗര്‍ഭിണിയായി. ആശങ്കകള്‍ പലതുണ്ടായിരുന്നെങ്കിലും എല്ലാം മറികടന്ന് എമില്‍ പ്രസവിച്ചു. ഇന്ന് ആര്‍ബിന് വയസ് രണ്ട്. അമ്മയും മകളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറന്ന മകളുടെ കുഞ്ഞും സുഖമായി കഴിയുന്നു.