വലയിലെ വിടവിലൂടെ രണ്ട് വയസ്സുകാരന്‍ കിണറ്റില്‍ വീണു; പിന്നാലെ അമ്മയും ചാടി

ചിറക്കടവ്: രണ്ട് വയസ്സുകാരന്‍ കിണറിന്റെ വലയിലൂടെ ഊര്‍ന്നുപോകുന്നത് മാത്രമേ 24കാരി ലിസ കണ്ടുള്ളു. പിന്നെ ഒന്നും ചിന്തിക്കാനായില്ല ലിസയ്ക്ക്, മകന് പിറകേ ആ യുവതി കിണറ്റിലേക്ക് ചാടി.  ചിറക്കടവ് പൈനുങ്കല്‍പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റെ ഭാര്യ ലിസയ്ക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. താനും കുഞ്ഞും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. വെള്ളത്തില്‍ പരിചയമില്ലാത്ത തനിക്കിതു സാധിച്ചത് ദൈവകൃപ കൊണ്ടാണെന്നാണ് ലിസയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് ജിനോ ജോണിന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ കിണറ്റില്‍ വീണത്.  പുറത്തുപോകാനിറങ്ങിയ ലിസ വീടിന്റെ വാതില്‍ തുറന്നു. എന്നാല്‍ ടിവി ഓഫ് ചെയ്യുന്നതിനായി വീണ്ടും വീട്ടിലേക്ക് കയറിയപ്പോഴാണ് ഇരട്ടക്കുട്ടികളിലൊരാളുടെ കരച്ചില്‍ കേട്ടത്.  പുറത്തെത്തിയപ്പോള്‍ മകന്‍ ലിമോണ്‍ കിണറിന്റെ വലയിലൂടെ താഴേക്ക് പോകുന്നതാണ് കണ്ടത്. പിന്നെ ഒന്ന് ആലോചിക്കാന്‍ പോലും നില്‍ക്കാതെ നീന്തലറിയാത്ത ലിസ മാതൃസ്‌നേഹത്തിന്റെ ശക്തിയില്‍ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.  ഏറെ പണിപ്പെട്ട് മകന്റെ കയ്യില്‍ പിടിച്ചു. കിണറ്റില്‍ നിറയെ വെള്ളവുമുണ്ടായിരുന്നു. എന്നാല്‍ മകനെ അപ്പോഴേക്കും ലിസ തന്റെ കൈക്കുള്ളിലാക്കിയിരുന്നു.  ഇതിനിടയില്‍ ആള്‍ക്കാര്‍ ഓടിയെത്തി കിണറ്റിലേക്ക് കയര്‍ ഇട്ടുകൊടുത്തു. കൂട്ടത്തിലൊരാള്‍ ഇറങ്ങി അമ്മയേയും കുഞ്ഞിനേയും പുറത്തെത്തിച്ചു.  ഇപ്പോഴും ലിസയ്ക്ക് നടുക്കം വിട്ടുമാറിയിട്ടില്ല. എന്തായാലും ഈ അമ്മയുടെ ധൈര്യത്തെ വാഴ്ത്തുകയാണ് നാട്ടുകാര്‍.

Top