ദുബായ്: വിവാഹിതയാകാതെ പ്രസവിച്ച 32 വയസുള്ള ഫിലിപ്പീന്‍ യുവതി ജനിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു. ദുബായില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 16 നാണ് സംഭവം. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ കുഞ്ഞിന്റെ വായില്‍ തുണിതിരുകി കൊലപ്പെടുത്തിയെന്ന കാര്യം യുവതി വെളിപ്പെടുത്തി. പ്രസവിച്ചയുടനെ ശുചിമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് യുവതി കുറ്റസമ്മതം നടത്തി. സ്‌പോണ്‍സറുടെ സഹോദരിയുടെ അല്‍ ഖാസിസിലുള്ള ഫ്‌ലാറ്റില്‍ വെച്ചാണ് അരുംക്രൂരത നടന്നത്. കേസില്‍ ഏറെ നിര്‍ണായകമായത് ഫിലിപ്പീന്‍ യുവതിയുടെ സ്‌പോണ്‍സറുടെ സഹോദരിയും എയര്‍ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ്. ‘സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിന്‍ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നു പറഞ്ഞു. തുടര്‍ന്ന് ശുചിമുറിയില്‍ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവില്‍ പുറത്തുവന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു. അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു. ഒരു കസേരയില്‍ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാല്‍ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും ഡോക്ടര്‍ പറഞ്ഞതെന്ന് സ്‌പോണ്‍സറുടെ സഹോദരി കോടതിയില്‍ മൊഴി നല്‍കി. നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതര്‍ ആണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗില്‍ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫോറന്‍സിക് പരിശോധനയില്‍ ജനിച്ച കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.