കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല; കൈ കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു

മകനെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് അമ്മ കൈ കഞ്ഞുമായി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശിനിയായ അൻപുക്കൊടിയാണ് തന്റെ ആറ് മാസം പ്രായമുള്ള മകൻ സർവിനൊപ്പം ആത്മഹത്യ ചെയ്‌തത്. കുഞ്ഞിന് പനി പിടിപെട്ടതിനെ തുടർന്ന് യുവതി ഭർത്താവ് പെരിയസാമിയോടൊപ്പം സേലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. കുഞ്ഞിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ച ഡോക്‌ടർമാർ ചികിത്സയ്‌ക്കായി 4000 രൂപ വീതം ദിനംപ്രതി ചെലവാകുമെന്നു ഇവരെ അറിയിച്ചു. ബാർബറായ പെരിയസാമിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് കുഞ്ഞുമായി ഇവർ തിരികെയെത്തിരുന്നു. അൻപുക്കൊടി തിരികെ വീട്ടിലെത്തിയതു മുതൽ അസ്വസ്ഥയായിരുന്നു. കുഞ്ഞിന്റെ അസുഖം ഉടൻ ഭേദമാകുമെന്ന് ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് ഉറങ്ങാൻ കിടന്ന പെരിയസാമി പിറ്റേന്ന് പുലർച്ചെ എഴുന്നേൽക്കുമ്പോൾ അൻപുക്കൊടിയേയും കുഞ്ഞിനെയും കണാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിനകത്ത് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം അരംഭിച്ചു.

Top