ജോലിത്തിരക്കു കാരണം മക്കളെ കുഞ്ഞു പ്രായത്തില്‍ തന്നെ ഡേ കെയറുകളില്‍ ഏല്‍പ്പിച്ചു പോകുന്നവരാണ് ഇപ്പോള്‍ പല അമ്മമാരും. അമ്മമാരുടെ സ്നേഹവും സാമീപ്യവും ലഭിക്കേണ്ട ആ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്കും അത് കിട്ടാതെ പോകുന്നു. തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ കുഞ്ഞുങ്ങളെ മറ്റുള്ളവരുടെ അടുത്ത് ഏല്‍പ്പിച്ചു പോകുമ്പോള്‍ കുഞ്ഞുങ്ങളെ അമ്മമാരേ പോലെ തന്നെ മറ്റുള്ളവരും സുരക്ഷിതമായി നോക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം എപ്പോളും സത്യമാകണമെന്നില്ല . അത്തരം ഒരനുഭവം ആണ് ഒരമ്മ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മെയ് 19 എന്ന ദിവസം എനിക്കോ മകള്‍ക്കോ ജീവിതത്തിലൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. വേദനയോടെയല്ലാതെ എന്റെ കുഞ്ഞിന് അവളുടെ ബാല്യം ഓര്‍ത്തെടുക്കാനുമാവില്ല. അശ്രദ്ധയും അവഗണനയും കാണിച്ച് ആ ക്രിമിനലുകള്‍ മുറിച്ചുകളഞ്ഞത് എന്റെ കുഞ്ഞിന്റെ വിരലാണ്. ഹരിയാനയിലെ ഗുഡ്ഗാവിലെ ഡേ കെയര്‍ സെന്ററിന്റെ കതകകുകള്‍ക്കിടയില്‍ കുഞ്ഞിന്റെ കൈ കുടുങ്ങിയതു ശ്രദ്ധിക്കാതെ ആയ കതകു വലിച്ചടച്ചപ്പോഴാണ് എന്റെ മകളുടെ വിരലറ്റു പോയത്.
കേവലം ഒമ്പതു മാസം പ്രായമായ കുഞ്ഞ് ആ നിമിഷത്തിലനുഭവിച്ച പ്രാണവേദന എത്രത്തോളമാണെന്ന് നമുക്കൂഹിക്കാന്‍ പോലുമാവില്ല. വിരലുകളറ്റ് ചോരയില്‍ക്കുളിച്ച് അലറിക്കരയുന്ന എന്റെ മകളുടെ മുഖം ഇനിയൊരിക്കലും എന്റെ മനസ്സില്‍ നിന്നു മായില്ല. ഈ ഫെയ്സ്ബുക്ക് കുറിപ്പെഴുതുമ്പോള്‍ കൈകള്‍ ചലിപ്പിക്കാനാവാതെ ആ പിഞ്ചു കുഞ്ഞ് എന്റെ അരികില്‍ കിടക്കുന്നുണ്ട്.
രണ്ടുമാസം മുമ്പ് ഈ ഡേകെയറില്‍ കുഞ്ഞിനെ ചേര്‍ക്കാനെത്തിയപ്പോള്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിരവധിയാണ്. കുഞ്ഞുങ്ങളെ പരിചരിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സിസിടിവി. കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും വിനോദത്തിനുമായി നിരവധി കളിപ്പാട്ടങ്ങള്‍. അവരുടെ ബ്രൗഷറിലെ ചിരിച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങളെയുമൊക്കെ കണ്ടപ്പോള്‍ എന്റെ കുഞ്ഞും അവിടെ സുരക്ഷിതയാവുമെന്നു കരുതി. അതുകൊണ്ടാണ് മറ്റെല്ലാ ഡേകെയറുകളേക്കാളും ചിലവു കൂടുതലാണെന്നറിഞ്ഞിട്ടും കുഞ്ഞിനെ അവിടെത്തന്നെ ചേര്‍ത്തത്.
ഈ ജന്മത്ത് എന്റെ കുഞ്ഞിനോടു കാട്ടിയ ഏറ്റവും വലിയ ക്രൂരതയായിരുന്നു ആ തീരുമാനം എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുമ്പോള്‍ അവളുടെ കൈ വാതിലിനിടയില്‍പ്പെട്ടുവെന്നും അതു ശ്രദ്ധിക്കാതെ വാതിലടച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് ഡേകെയര്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവത്തിന്റെ സത്യവസ്ഥയറിയാന്‍ സിസിടിവി ഫൂട്ടേജ് കാണണമെന്നാണ് ആവശ്യപ്പെട്ടപ്പോഴാണ് അവരുടെ കള്ളത്തരം മനസ്സിലായത്. സംഭവം നടക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് ഫൂട്ടേജ് ഒന്നും ലഭിച്ചില്ല എന്നും അവര്‍ പറഞ്ഞു. കൃത്യം ആ സമയത്തു തന്നെ എങ്ങനെ സിസിടിവി പ്രവര്‍ത്തിക്കാതായി. അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അവിടെയുമിവിടെയും തൊടാതെ അവര്‍ മറുപടി നല്‍കി.
ഈ ചെറിയ പ്രയാത്തില്‍ വലിയ ശസ്ത്രക്രിയകളിലൂടെയാണ് എന്റെ കുഞ്ഞിന് കടന്നു പോകേണ്ടി വന്നത്. വിരല്‍ അറ്റു വീണപ്പോഴും ശസ്ത്രക്രിയക്കു ശേഷവും അവള്‍ അനുഭവിച്ച വേദനകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു. സംഭവത്തിനു ശേഷവും ഞങ്ങള്‍ ഡേകെയര്‍ സന്ദര്‍ശിച്ചു. ശുചിമുറിയുടേതടക്കമുള്ള വാതിലുകള്‍ വളരെ വലുതാണ്. എന്റെ കുഞ്ഞിനുണ്ടായതുപോലെ ഇനിയും കുഞ്ഞുങ്ങള്‍ക്കവിടെ അപകടമുണ്ടാവാം. വിദഗ്ധ പരിശീലനം ലഭിക്കാത്ത ജീവനക്കാരെ നിരീക്ഷിക്കാന്‍ ഒരു സൂപ്പര്‍വൈസര്‍ പോലും അവിടില്ല. കുഞ്ഞുങ്ങളെ ഇങ്ങനെ അപകടപ്പെടുത്താനാണോ മാതാപിതാക്കളില്‍ നിന്ന് ഭീമമായ തുക ഈടാക്കി ഇവരൊക്കെ ഡേകെയര്‍ നടത്തുന്നത്.
ഞാനും എന്റെ കുഞ്ഞും കുടുംബവും അനുഭവിച്ച വേദനയിലൂടെ ഇനി ഒരാളും കടന്നു പോകാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇത്തരം കപട സ്ഥാപനങ്ങളുടെ മുഖംമൂടി വലിച്ചുകീറാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. നിയമം കല്‍പ്പിക്കുന്ന പരമാവധി ശിക്ഷ ഈ ക്രൂരമനസ്സുള്ളവര്‍ക്കു വാങ്ങിക്കൊടുക്കും. എന്റെ കുഞ്ഞിനു വേഗം സുഖപ്പെടാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പരമാവധി ആളുകളിലെത്തിക്കണം. ഈ വിഷയത്തില്‍ ഹരിയാന മുഖ്യമന്തിക്കും പരാതി നല്‍കാനാണ് ഞങ്ങളുടെ തീരുമാനം എന്നു പറഞ്ഞു കൊണ്ട് വളരെ വികാര നിര്‍ഭരമായാണ് ആ ‘അമ്മ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.