അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിമൂന്നുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മോഡലായ ലക്ഷ്യ സിംഗാണ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പ്രതിശ്രുതവധുവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാല്‍പ്പത്തിയഞ്ചുകാരിയായ അമ്മയെ കുളിമുറിയിലേക്ക് തള്ളിയിട്ടപ്പോള്‍ മരണം സംഭവിച്ചെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ലക്ഷ്യയും അമ്മ സുനിതയും ലഹരിക്ക് അടിമകളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നറിയാന്‍ ലക്ഷ്യയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു. ഫാഷന്‍ ഡിസൈനറായ സുനിത സിങും മകനും മോഡലുമായ ലക്ഷ്യസിങും മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു. ലക്ഷ്യയും അമ്മ സുനിതയും ലക്ഷ്യ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയും മുംബൈയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങിലെ ഒരു വാടക ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.
ലഹരിയുടെ പിടിയില്‍ അമ്മയുമായി വഴക്കുണ്ടായെന്നും താന്‍ അമ്മയെ ബാത്ത്‌റൂമിലേക്ക് പിടിച്ച് തള്ളുകയുമായിരുന്നുവെന്നും ലക്ഷ്യ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഷ് ബേസനില്‍ തലയിടിച്ചു വീണ സുനിതയ്ക്ക് വീഴ്ചയുടെ ആഘാദത്തില്‍ ഉണ്ടായ അപകടമാണ് മരണം സംഭവിക്കാന്‍ കാരണമായത്. ബുധനാഴ്ച രാത്രി സുനിതയും മകനും തമ്മില്‍ തര്‍ക്കമുണ്ടായതിനിടെ ലക്ഷ്യസിങ് അമ്മയെ കുളിമുറിയുടെ വാതില്‍തുറന്ന് അകത്തേക്ക് തള്ളിയിട്ടശേഷം വാതിലടച്ചു.
അടുത്ത ദിവസം രാവിലെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് അമ്മ മരിച്ചതായി അറിഞ്ഞതെന്ന് ലക്ഷ്യ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സുനിതസിങിന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് സംഘം ലക്ഷ്യസിങിനെ ഞായറാഴ്ച വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ യഥാര്‍ഥചിത്രം പുറത്തുവന്നത്. സംഭവം നടക്കുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് ജോലിക്കാരെയും ലക്ഷ്യയുടെ പ്രതിശ്രുതവധുവിനെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു.