വെളളം കൊണ്ടുവരുന്ന ലോറിക്കാരന്റെ ശല്ല്യം സഹിക്കവയ്യാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊടൈക്കനാല്‍ എം.എം. സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വിട്ടില്‍ എന്‍.കെ.ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങിമരിച്ചത്. മുണ്ടേരിയിലെ നാരായണന്‍ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്. എട്ടു മക്കളുള്ള ഇവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് കൊടേക്കനാലിലേയ്ക്ക് താമസം മാറ്റിയിരുന്നത്. മക്കളുടെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടോടെ മുേേന്നറിയ ഇവര്‍ക്ക് പക്ഷെ ഒരു മനുഷ്യന്റെ ക്രൂരതയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞില്ല.
പള്ളിക്കുന്നിലായിരുന്ന കുടുംബം എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് താമസം. അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും കുറിപ്പിലുണ്ട്. കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം സംസ്‌കരിക്കാന്‍ അനുവദിക്കാതെയാണ് വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്താലേ മൃതദേഹം സംസ്‌കരിക്കാന്‍ പാടുള്ളൂവെന്ന് അവര്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പിന്നീട് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചു.
ജയശീലനെതിരെ നേരത്തേ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടപടിസ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും അയല്‍വാസികളും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞെങ്കിലും തൃപ്തരാകാതെ സ്ത്രീകള്‍ റോഡില്‍ കുത്തിയിരുന്നു. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ.ഷാജ് തമിഴ്നാട് ഡി.ജി.പി.ക്ക് പരാതി നല്‍കി.
സ്വയം വികസിപ്പിച്ചെടുത്ത പേസ്റ്റ് രൂപത്തിലുള്ള ഡിറ്റര്‍ജന്റ് വില്‍പ്പനയിലൂടെ ഷാജ് എന്ന ലാലിയുടെ കുടുംബം നേരത്തേ കണ്ണൂരില്‍ ശ്രദ്ധനേടിയിരുന്നു. എട്ട് മക്കളാണിവര്‍ക്ക്. അവിടത്തെ ഏറ്റവും മികച്ച സ്‌കൂളിലായിരുന്നു ഇവരുടെ പഠനം. ദശരഥ് സാഗര്‍നരിമാന്‍, ഹിന്ദ്സൂരജ് നരസിംഹന്‍, റാംസപ്തേശ്വര്‍ ഋഗ്വേദ്, മയ്യഴി സ്വാതിസന്‍സ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധന്‍, ഒക്ടേവിയന്‍ സംവിദ് ഋതധ്യുമ്നന്‍, ഋതുസംയൂജ് ഏര്‍ലിമാന്‍, യാരിയ സംഗീത് നിരഞ്ജന്‍ എന്നിവരാണ് മക്കള്‍.