അര്‍ജന്റീനയിലെ സിറ്റി ഓഫ് പൊസാഡസിലാണ് പൊലീസുദ്യോഗസ്ഥയായിരുന്ന അമേലിയ ബെന്നാന്‍ എന്ന 34-കാരിയാണ് തന്റെ മകനെ ജനിച്ച് നാലുമാസത്തിനു ശേഷം ആദ്യമായി കണ്ടത്. ഗര്‍ഭിണിയായ അമേലിയയും ഭര്‍ത്താവും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും 2016 നവംബര്‍ ഒന്നിന് സര്‍വ്വീസ് വാഹനത്തില്‍ യാത്ര ചെയ്യവേ അപകടത്തില്‍ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമേലിയ ബെന്നാന്‍ അബോധാവസ്ഥയിലായി.
അമേലിയയെ പൊസാഡസിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്മസ് തലേന്ന് സിസേറിയനിലൂടെ അമേലിയ പൂര്‍ണ ആരോഗ്യവാനായ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സാന്റിനോ എന്നു പേരിട്ട കുഞ്ഞിനെ അമേലിയയുടെ സഹോദരി നോര്‍മയാണ് പരിചരിച്ചത്. എല്ലാ ദിവസവും വൈകീട്ട് ആറിന് നോര്‍മ കുട്ടിയെ അമേലിയക്കരികിലേക്ക് കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ പെസഹവ്യാഴ ദിനത്തിലാണ് അമേലിയ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയത്. ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ചെങ്കിലും സാവധാനം കാര്യങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ബോധം വന്നപ്പോള്‍ കുഞ്ഞിനെ കൊണ്ടു വന്നു കാണിച്ചു. ആദ്യമായി കുഞ്ഞിനെ കണ്ടപ്പോള്‍ ബന്ധുവിന്റെ കുഞ്ഞാണെന്ന് കരുതി. എന്നാല്‍ ബന്ധുക്കള്‍ അമേലിയയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
ബോധം വന്നെങ്കിലും ഇനിയും പൂര്‍ണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടില്ല. ചികിത്സകള്‍ തുടരേണ്ടതുണ്ടെന്ന് അമേലിയയെ ചികിത്സിക്കുന്ന ന്യൂറോസര്‍ജന്‍ പറഞ്ഞു.