വിവാഹ മോചിതയായ ശേഷം 23 വര്‍ഷം തന്നെ പൊന്നുപോലെ നോക്കിയ അമ്മയുടെ വിവാഹം വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ നടത്തി. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. ജിയെം എന്ന യുവാവാണ് തന്റെ അമ്മയുടെ വിവാഹം നടത്തിയത്. താന്‍ അമ്മയുടെ വിവാഹം നടത്തിയെന്ന് ട്വീറ്ററിലൂടെ യുവാവ് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
23 വര്‍ഷമായി അമ്മ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടെന്നും, ഈ കഴിഞ്ഞ വെള്ളിയാഴ്ച അമ്മയുടെ വിവാഹം താന്‍ നടത്തിയെന്നും യുവാവ് ട്വീറ്റ് ചെയ്തു. താന്‍ മുതിര്‍ന്നൊരു യുവാവാണെന്നും സാമ്പത്തികമായി സ്ഥിരത കൈവരിച്ചിരിക്കുകയാണെന്നും അതിനാല്‍ അമ്മയ്ക്കായി താന്‍ ഇത് ചെയ്യേണ്ടതാണെന്നും യുവാവ് ട്വീറ്റില്‍ പറയുന്നു.
ആളുകളോട് അമ്മയ്ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹവും നല്‍കാനും യുവാവ് ആവശ്യപ്പെടുന്നുണ്ട്. യുവാവിന്റെ പ്രവൃത്തിയെ പുകഴ്തി നിരവധി പേരാണ് എത്തുന്നത്. വളരെ നല്ലതും ഉത്തമവുമായ കാര്യമാണ് താങ്കള്‍ ചെയ്തതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.