മലപ്പുറം:ഒരു സ്ത്രീക്ക് ,ഒരക്മ്മക്ക് ഇത്രയും ക്രൂരയാകാനാകുമോ ?അതും ഈ സാംസ്കാരിക കേരളത്തില്‍ .അതും നടന്നു. ഏഴുവയസുകാരിക്കു വളര്‍ത്തമ്മയുടെ ക്രൂരപീഡനം. ചികിത്സയിലുള്ള കുട്ടിയുടെ കുടല് മലവിസര്‍ജനത്തിനായി പുറത്തിട്ട അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കവളമുക്കട്ട പുതുപ്പറമ്പന്‍ മുജീബിന്റെ മകള്‍ ഇര്‍ഷയാണു മനഃസാക്ഷിയെ നടുക്കുന്ന പീഡനങ്ങള്‍ക്ക് ഇരയായത്.
മുജീബിന്റെ രണ്ടാംഭാര്യ സജ്നയിലുണ്ടായ മകളാണ് ഇര്‍ഷ. ഇര്‍ഷ ജനിച്ചശേഷം മുജീബ് ഗള്‍ഫില്‍പോയതോടെ മറ്റൊരു വിവാഹം കഴിച്ച സജ്ന മകളെ ഏറ്റെടുത്തില്ല. ഇതോടെ മുജീബ് കുട്ടിയെ ആദ്യഭാര്യ സറീന(31)യ്ക്കൊപ്പമാക്കി. നാലുവര്‍ഷത്തോളം ഇര്‍ഷ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ പലപ്പോഴായി സറീന ഇര്‍ഷയെ ക്രൂരപീഡനത്തിനിരയാക്കിയെന്നാണു പരാതി. രണ്ടുമാസം മുമ്പ് ഇര്‍ഷയെ മാതൃസഹോദരി അവരുടെ വീട്ടിലേക്കു കൊണ്ടുപോയതോടെയാണു സംഭവം പുറത്തറിഞ്ഞത്. പോറ്റമ്മയുടെ മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും സാരമായ പരുക്കേറ്റു. മലവിസര്‍ജനം നടത്തവേ സ്വകാര്യഭാഗങ്ങളില്‍ കമ്പുകൊണ്ടു സെറീന കുത്തിയതാണെന്നു കുട്ടി വെളിപ്പെടുത്തി.
നിലമ്പൂരും കോഴിക്കോട്ടുമുള്ള ആശുപത്രികളില്‍ പരിശോധന നടത്തി. ആദ്യംകാണിച്ച ആശുപത്രികളില്‍നിന്നു മികച്ച പരിചരണം ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ വളര്‍ത്തമ്മയായ സറീനയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് കൗണ്‍സിലര്‍മാര്‍ കുട്ടിയുടെ മൊഴിയെടുത്തു. ശിശുക്ഷേമസമിതി ഇന്നു മൊഴിയെടുക്കും.