മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ചരിത്രം കുറിക്കുന്നു; ലീഡ് ഒരുലക്ഷം കവിഞ്ഞു; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറുന്നു. അദ്ദേഹത്തിന്റെ ലീഡ് ഒരുലക്ഷം കടന്നു. മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫാണ് മുന്നില്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നത്.

പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുന്‍പായി അന്തിമഫലം വരുമെന്നാണു കരുതുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്‍ഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണു പ്രധാന പോരാട്ടം.

ആറു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങള്‍ മുഖ്യവിഷയമാവുകയും ചെയ്തു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.

Top