ന്യൂഡൽഹി: സ്വത്ത് ക്രമാതീതമായി വർധിച്ച ഏഴ് ലോക്സഭാം ഗങ്ങളെയും വിവിധ സംസ്ഥാനങ്ങളിലെ 98 എംഎൽഎമാരെയും നിരീക്ഷിച്ചു വരികയാണെന്നു ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. പെട്ടെന്ന് സമ്പാദ്യം വർധിച്ച എംപിമാരുടെയും എംഎൽഎമാരുടെയും പേരുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഇന്നു സമർപ്പിക്കാമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിടിഡിബി) നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ലോക് പ്രഹരി എന്ന എൻജിഒ നൽകിയ ഹർജിയിലാണ് സർക്കാർ ഏജൻസി നിലപാട് അറിയിച്ചത്.
സിടിബിടി നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എംപി, എംഎൽഎമാരിൽ കൂടുതൽ പേരുടെയും സ്വത്തുക്കൾ ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന ഹർജിക്കാരുടെ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നും 20 എംപിമാരുടെയും 42 എംഎൽഎമാരുടെയും സ്വത്തുക്കൾ സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടരുകയാണെന്നും ആദായ നികുതി വകുപ്പ് പറയുന്നു. രാജ്യസഭയിലെ 11 പേരുൾപ്പെടെ 37 എംപിമാരുടെയും വിവിധ സംസ്ഥാനങ്ങളിലെ 257 എംഎൽഎമാരുടെയും സ്വത്ത് സന്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോക് പ്രഹരി സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കണക്കുകളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ ഇവരുടെ സ്വത്ത് വലിയ തോതിൽ വർധിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് സമയത്തു നൽകുന്ന സ്വത്ത് സന്പാദ്യങ്ങൾ ക്രമാതീതമായി വർധിച്ചാൽ അതിനെക്കുറിച്ച് പരിശോധിക്കാത്തതെന്തെന്നായിരുന്നു ഹർജി പരിഗണിച്ച ജസ്റ്റീസ് ജെ. ചെലമേശ്വർ സർക്കാരിനോടു ചോദിച്ചത്.തെരഞ്ഞെടുപ്പ് കാലത്ത് സ്വത്തുക്കൾ സംബന്ധിച്ച് സത്യവാങ്മൂലം ലഭ്യമാക്കുന്ന സർക്കാരും ഏജൻസികളും ഇവരുടെ ആദായ നികുതി റിട്ടേണ്‍ പുറത്തുകാണിക്കാൻ പോലും തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് പരിഷ്കരണത്തക്കുറിച്ചു വ്യാകുലപ്പെടുന്നവർ അതിന്‍റെ അന്തസത്ത പാലിക്കാൻ തയാറാകുന്നില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി.