എംആര്‍എഫില്‍ മെഷീനിനുള്ളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

കോട്ടയം: എംആര്‍എഫ് റബര്‍ ഫാക്ടറിയിലെ മെഷീനിനുള്ളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മണര്‍കാട് പൂതകുഴി കൃഷ്ണഭവനില്‍ കെ.എസ്. രമേശ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് അപകടം. ബണ്ടിലായിട്ടു വരുന്ന റബര്‍ ചെറിയ കഷണങ്ങളാക്കുന്ന കട്ടിംഗ് മെഷീനിലായിരുന്നു രമേശിന്റ ജോലി. കണ്‍വേയറില്‍ വച്ച് ബ്ലെയിഡ് ഘടിപ്പിച്ച് സിലിണ്ടര്‍ ഉപയോഗിച്ചാണ് ബണ്ടിലുകള്‍ കട്ട് ചെയ്യുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറിയ രമേശ് ബണ്ടില്‍ കട്ടുചെയ്തു വരുന്നതിനിടെ കട്ടുചെയ്തു കഴിഞ്ഞ് പിന്നോട്ടു വന്ന സിലിണ്ടറിനിടയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ മറ്റു ജോലിക്കാര്‍ മെഷീന്‍ ഓഫാക്കി രമേശിനെ പുറത്തെടുക്കുകയായിരുന്നു. അരമണിക്കൂര്‍ സമയമെടുത്താണു രമേശിനെ പുറത്തെടുത്തത്. ഉടന്‍ കോട്ടയത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top