മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവര്‍ക്കും കോടതി രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. കേസിലെ മറ്റൊരു പ്രതി റിയാസ് സിദ്ദിഖിക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തി.മുംബൈ സ്ഫോടനക്കേസിലെ രണ്ടാം ഘട്ട വിചാരണയില്‍ അഞ്ചു പ്രതികള്‍ക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിധി പ്രസ്താവത്തെ പുഞ്ചിരിയോടെയാണ് അബു സലേം സ്വീകരിച്ചത്. മുംബൈ പ്രത്യേക ടാഡ കോടതിയാണ് ശിക്ഷ വിധിച്ചത്.മുംബൈ സ്‌ഫോടനക്കേസിലെ രണ്ടു ഘട്ട വിചാരണയില്‍ അഞ്ചു പ്രതികള്‍ക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. കേസിലെ ഏഴാം പ്രതി അബ്ദുള്‍ ഖ്വയമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ മുസ്തഫ ദൂസ്സ വിചാരണയ്ക്കിടെ മരണമടഞ്ഞതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
1993 മാര്‍ച്ച് 12ന് പന്ത്രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. 713 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2006ല്‍ അവസാനിച്ച ആദ്യ ഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006നും 2010നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സിബിഐ പ്രത്യേക അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴു പേരുടെ വിചാരണ രണ്ടാംഘട്ടമാക്കിയത്.
അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനുള്ള പ്രതികാരമായി സ്‌ഫോടനങ്ങള്‍ നടത്തി എന്നാണ് കേസ്. 2011ലാണ് ഈ ഏഴു പേരുടെ വിചാരണ ആരംഭിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടേയും നിയമനടപടികള്‍ പൂര്‍ത്തിയായിരുന്നു.സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നും മുംബയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. അബു സലേമാണ് കേസിലെ മുഖ്യപ്രതി. മുസ്തഫ ദോസെ ബറൂചില്‍ നിന്നും അയച്ച ആയുധങ്ങള്‍ അബു സലേം വഴിയാണ് മുംബയിലെത്തിച്ചത്. സ്ഫോടക വസ്തുക്കള്‍ അയയ്ക്കുന്നതിന് മുമ്ബ് മുസ്തഫ ദോസെയും സഹോദരന്‍ മുഹമ്മദ് ദോസെയും ദുബായിലെ വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അബ്ദുള്‍ ഗയൂം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഓഫീസിലെ മാനേജരായിരുന്നു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ടൈഗര്‍ മേമന്റെ സഹോദരന്‍ യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിലേറ്റിയിരുന്നു.
അധോലോക നായകന്‍ കൂടിയായ അബു സലേമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കരിമുള്ള ഖാനും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനുള്ള തെളിവുകളുടെ അഭാവത്തില്‍ കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു.