ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു.

ന്യുഡല്‍ഹി:ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു. 80 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ഇന്ന് രാവിലെ 7.20നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. എണ്‍പതാം പിറന്നാളിന് അഞ്ചു ദിവസം മാത്രം ശേഷിക്കേയാണ് മരണം സയീദിനെ തട്ടിയെടുത്തത്.

ജമ്മു കശ്മീര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായിരുന്നു ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ സയീദ്. രണ്ടു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ സയീദ് 1989 ഡിസംബര്‍ മുതല്‍ 1990 നവംബര്‍ വരെ വി.പി സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ആദ്യ മുസ്ലീം നേതാവും സയീദ് ആയിരുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി ഏറെ പ്രയത്‌നിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്ന് കശ്മീര്‍ വിഘടനവാദികളില്‍ നിന്നും ഏറെ എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.
1936 ജനുവരി 12ന് കശ്മീരിലായിരുന്നു ജനനം. കോണ്‍ഗ്രസിലൂടെയായിരുന്നു സയീദ് രാഷ്ട്രീയത്തില്‍ സജീവമായത്. 1987 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. തുടര്‍ന്ന് പാര്‍ട്ടി വിട്ട് വി.പി സിംഗിന്റെ ജനതാദളില്‍ ചേര്‍ന്നു. എന്നാല്‍ പി.വി നരസിംഹറാവുവിന്റെ സ്വാധീനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സെയ്ദ് 1999 വരെ തുടര്‍ന്നു. 1999ല്‍ കോണ്‍ഗ്രസ് വിട്ട സയീദ് മകള്‍ മെഹ്ബൂബ മുഫ്തിക്കൊപ്പം ജമ്മു കശ്മീര്‍ പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു.
2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച സെയ്ദ് മുഖ്യമന്ത്രിയായി. മൂന്നു വര്‍ഷം ഭരിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരം പിടിച്ചെടുത്തു. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പില്‍ പി.ഡി.പിക്കും ബി.ജെ.പിക്കുമൊപ്പം ചേര്‍ന്ന് സയീദ് വീണ്ടും അധികാരത്തിലെത്തുകായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് വൈകാതെ സയീദിന്റെ കുടുംബവും ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിലായി. മൂന്നാമത്തെ മകള്‍ റൂബിയയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അഞ്ചു തീവ്രവാദികളെ മോചിപ്പിച്ച ശേഷമാണ് മകളെ ഭീകരര്‍ വിട്ടയച്ചതും. മെഹ്ബൂബ മുഫ്തിയടക്കം മൂന്ന് മക്കളാണ് സയീദിനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top