വീട്ടില്‍ സൂക്ഷിച്ച മാട്ടിറച്ചി പശുവിറച്ചിയാണെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍. കേസിലെ പ്രധാന പ്രതിയടക്കം, ജോലിയില്ലാത്തവര്‍ക്കാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ ജോലി നല്‍കുന്നത്. ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട, കേസിലെ മറ്റൊരു പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കും. ബിജെപി എംഎല്‍എ തേജ്പാല്‍ സിങ് നഗര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിസോദിയയുടെ കുടുംബത്തിന് വൈകാതെതന്നെ പണം കൈമാറുമെന്ന് എംഎല്‍എ അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സിസോദിയയുടെ ഭാര്യയ്ക്ക് പ്രൈമറി സ്‌കൂളില്‍ ജോലി നല്‍കും. നഷ്ടപരിഹാരമായി നല്‍കുന്ന എട്ട് ലക്ഷത്തില്‍ അഞ്ച് ലക്ഷം ആദ്യഘട്ടത്തിലും ബാക്കി തുക അടുത്ത ഘട്ടത്തില്‍ നല്‍കുമെന്നും തേജ്പാല്‍ പറഞ്ഞു. കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. കേസിലെ മറ്റുപ്രതികളെല്ലാം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ്. ജോലികളൊന്നും സ്ഥിരമല്ലെങ്കിലും പ്രാവീണ്യമനുസരിച്ച് സ്ഥിര നിയമനത്തിനുള്ള ആലോചനയുണ്ടെന്നും തേജ്പാല്‍ പറഞ്ഞു.
അതേസമയം പ്രതികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലെന്നും അഖ്ലാക് കൊലക്കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണെന്നും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അഖ്ലാകിന്റെ കുടുംബം പ്രതികരിച്ചു. 2016 സെപ്തംബര്‍ 28ന് രാത്രിയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 20ഓളം പേരടങ്ങുന്ന സംഘം 52കാരനായ മുഹമ്മദ് അഖ്‌ലാക്കിനെ അടിച്ചുകൊന്നത്. സംഭവത്തില്‍ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ബിജെപി നേതാവ് സഞ്ജയ് റാണയുടെ അനുയായികള്‍ അടക്കം 18 പേരെ പൊലീസ് പ്രതിചേര്‍ത്തിരുന്നു.