തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് എടുത്ത കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2011ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്.പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി.
ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് ചെയ്തു എന്നുള്ള വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയത് വനിത ഐപിഎസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം.