ന്യൂഡല്‍ഹി:കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറെന്ന് യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ്.പക്ഷേ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനെ പ്രധാനമന്ത്രിയാക്കണം .കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപപ്രധാനമന്ത്രിയുമായിക്കൊണ്ടുള്ള ധാരണയില്‍ സഖ്യത്തിന് തയ്യാറെടുക്കാമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. പ്രധാനമന്ത്രിപദം മുലായത്തിന്റെ തീവ്രാഭിലാഷമാണെന്ന വസ്‌തുത തരിമ്പും മറയ്‌ക്കാതെയാണ് ഹിന്ദുസ്‌ഥാന്‍ ടൈംസ് ദിനപത്രം നടത്തിയ ലീഡര്‍ഷിപ് സമ്മിറ്റില്‍ മകന്‍ അഖിലേഷ് മനസ് തുറന്നത്. എല്ലാം കേട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ചെറു പുഞ്ചിരിയിലൊതുങ്ങി.
രാഹുലുമായുള്ള വ്യക്‌തിബന്ധം കോണ്‍ഗ്രസുമായുള്ള രാഷ്‌ട്രീയ സഖ്യത്തിലെത്തുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് തന്റെ മനസിലുള്ള ആശയം അഖിലേഷ് പരസ്യമാക്കിയത്. അച്‌ഛന്റെ സ്വപ്‌നം സഫലമാകുമെങ്കില്‍ അതിനു തയാര്‍. നേതാജി (മുലായം) പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധി ഉപപ്രധാനമന്ത്രിയും എന്നാണു ധാരണയില്‍ ഈ നിമിഷം മുതല്‍ സഖ്യം – അദ്ദേഹം വ്യക്‌തമാക്കി. ബദ്ധവൈരികളായിരുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ബിഹാറില്‍ കൈകോര്‍ത്തതു പോലെ ഒരു കൂട്ടുകെട്ട് യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും തമ്മില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടി ഉണ്ടായില്ല; തല്‍ക്കാലം അതേപ്പറ്റി ചര്‍ച്ചയില്ല എന്നു മാത്രം. ആര് എന്തു കഴിക്കണം, ഏതു വസ്‌ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടതെന്നും അച്‌ഛേ ദിന്‍ എന്ന വാഗ്‌ദാനം പാലിക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കേണ്ടതെന്നും അഖിലേഷ് പറഞ്ഞു.