ന്യൂഡല്‍ഹി :അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുന്‍ സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രചരണവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് മുലായം സിങ്. സമാജ്‍വാദി പാര്‍ട്ടി– കോണ്‍ഗ്രസ് സഖ്യത്തിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് മുലായം അറിയിച്ചു. സഖ്യത്തിനായി പ്രചരണത്തിന് ഇറങ്ങില്ലെന്നായിരുന്നു മുലായത്തിന്റെ മുന്‍നിലപാട്. കോണ്‍ഗ്രസുമായി എസ്പിക്ക് സഖ്യത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നാളെ മുതല്‍ എസ്പി–കോണ്‍ഗ്രസ് സഖ്യത്തിനായി ഞാന്‍ പ്രചരണത്തിന് ഇറങ്ങും–മുലായം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സഹോദരന്‍ ശിവപാല്‍ യാദവുമായി പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യവും മുലായം തള്ളി.
പാര്‍ട്ടിയില്‍ അസംതൃപ്തരായുള്ള ആരും ഇല്ല. ശിവപാല്‍ തന്നോടോ പാര്‍ട്ടിയിലെ ആരുമായോ ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദേഷ്യം കൊണ്ടായിരിക്കും. കാര്യമാക്കേണ്ടതില്ല. പുതിയ പാര്‍ട്ടിയുണ്ടാവില്ലെന്നും മുലായം വ്യക്തമാക്കി. അഖിലേഷിനോട് ശക്തമായ എതിര്‍പ്പുള്ള ശിവപാല്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. യുപിയില്‍ എസ്പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മല്‍സരിക്കുന്നത്.