കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും തമിഴ്‌നാടിന്റെ ധിക്കാര നടപടി. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമോ, സര്‍ക്കാരിനെ അറിയിക്കുകയോ ചെയ്യാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടതാണ് ഇപ്പോള്‍ വിവാദമായത്.
നീരൊഴുക്ക് വര്‍ദ്ധിച്ചതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുമുമ്പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കണമെന്ന നിബന്ധന അനുസരിക്കാന്‍ ഇത്തവണയും തമിഴ്‌നാട് തയ്യാറായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അണക്കെട്ടിലെ നാല് ഷട്ടറുകള്‍ അരയടിവീതം തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.77 അടിയാണ്. വൃഷ്ടി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെതുടര്‍ന്ന് 3200 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ജലനിരപ്പ് ഇനിയും വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഷട്ടറുകള്‍ തുറന്നതോടെ സെക്കന്റില്‍ 800 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. അതിനാല്‍ തന്നെ പെരിയാറിന്റെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സീപ്പേജ് വെള്ളത്തിന്റെ അളവിലും റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മിനിറ്റില്‍ 161 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലെ ഗ്യാലറിയിലൂടെ പുറത്തേക്ക് പോകുന്നത്. ഇങ്ങനെ പുറത്തക്ക് പോകുന്ന ജലത്തിന്റെ അളവ് കണക്കുകൂട്ടിയാണ് അണക്കെട്ടിന്റെ ബലക്ഷയം മനസിലാക്കുന്നത്. ജലനിരപ്പ് 125 അടിയായിരുന്നപ്പോള്‍ ഗ്യാലറിയിലൂടെ പുറത്തേക്ക് പോകുന്നത് 72 ലിറ്റര്‍ മാത്രമായിരുന്നു.