ശക്തിയേറിയ ഭൂകമ്പമുണ്ടായാലും മുല്ലപ്പെരിയാര്‍ ഡാം തകരില്ലജസ്റ്റിസ് കെ.ടി.തോമസ്

കോട്ടയം: ശക്തിയേറിയ ഭൂകമ്പമുണ്ടായാലും മുല്ലപ്പെരിയാര്‍ ഡാം തകരില്‌ളെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയംഗം ജസ്റ്റിസ് കെ.ടി.തോമസ്. ‘സുവര്‍ണം2015’ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കോട്ടയം പ്രസ്‌ക്‌ളബില്‍ സംഘടിപ്പിച്ച ‘മാധ്യമസെമിനാര്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ഉന്നതാധികാരസമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് വായിക്കുകയോ സംഗ്രഹം ഗ്രഹിക്കുകയോ ചെയ്താല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തകരുമെന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ തെറ്റിദ്ധാരണ പൂര്‍ണമായും മാറുമായിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന് വിശ്വസിപ്പിച്ച് താനും ഉറങ്ങാതിരുന്നിട്ടുണ്ട്. 1979 മുതല്‍ 1984 വരെയുള്ള കാലയളവില്‍ മൂന്നുഘട്ടങ്ങളിലായി അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ ഒരുമീറ്ററില്‍ 12 ടണ്‍ കോണ്‍ക്രീറ്റ് നിറച്ച് ഡാമിനുചുറ്റും 373 മീറ്റര്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് നടത്തി ഘനം വര്‍ധിപ്പിച്ചു. രണ്ടാംഘട്ടത്തില്‍ 103 സ്റ്റീല്‍ പിറ്ററുകളുടെ സഹായത്തോടെ കേബ്ള്‍ ആങ്കറിങും നടത്തിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ ബലപ്പെടുത്തലിന്റെ ഭാഗമായി ഡാമിന് പുറത്ത് 10മീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. ഇതോടെ, പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തുല്യമായ സുരക്ഷയാണ്.
ഡാം തകരുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് ജനങ്ങള്‍ ഇപ്പോഴും ഭീതിയില്‍ കഴിയുന്നുവെന്നതില്‍ ആകുലനാണ്. ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വായിച്ചുനോക്കാനോ ഉള്ളടക്കം ജനത്തെ അറിയിക്കാനോ സര്‍ക്കാര്‍ തയാറാകാത്തതാണ് ജനങ്ങളുടെ ഭീതിവിട്ടൊഴിയാത്തത്. ഇക്കാര്യത്തില്‍ വ്യക്തിപരമായി തനിക്ക് വിഷമമുണ്ട്. ഏഴുകോടിയിലേറെ രൂപ മുടക്കി ഹരീഷ് സാല്‍വേ, രാജീവ് ധവാന്‍ തുടങ്ങിയ പേരുകേട്ട അഭിഭാഷക സംഘത്തെ സുപ്രീംകോടതിയില്‍ അണിനിരത്തിയെങ്കിലും കേരളത്തിന്റെ നിലപാട് പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ നിന്നും വൈദ്യുതി ലഭിക്കുമായിരുന്നിട്ടും അതു വാങ്ങാന്‍ കേരളം തയാറായില്ല. അങ്ങനെ ചെയ്താല്‍ മുല്ലപ്പെരിയാര്‍ കേസില്‍ ദോഷകരമാകുമെന്ന് കരുതിയാണ് അതൊഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top