
ദില്ലി: മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും കൂടുതല്‍ വെള്ളം എടുക്കണമെന്നുമുള്ള കേരളത്തിന്‍റെ ആവശ്യം തള്ളി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്ക്കില്ലെന്നും വ്യക്തമാക്കി പളനിസ്വാമി മുഖ്യമന്ത്രി പിണറയായി വിജയന് കത്തയച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍തന്നെ നിലനിര്‍ത്തുമെന്നും ജലനിരപ്പ് കുറയ്ക്കില്ലെന്നുമാണ് തുടര്‍ച്ചായായി ആവശ്യപ്പെട്ടിട്ടും കേരളത്തിന്‍റെ നിലവിലെ സാഹചര്യത്തോടുള്ള തമിഴ്നാടിന്‍റെ നിലപാട്.
സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷമാണ ് മറുപടിയെന്നാണ് കത്തിലെ പരാമര്‍ശം. നിലവില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അത്രയും വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍റെ വൃഷ്ടിപ്രദേശങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും ഈ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര അടി ജലം ഡാമിലെത്തുമെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. മുലപ്പെരിയാര്‍ ഡാം പരിസരങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് 1.65 കോടി രൂപ തമിഴ്നാട് കെഎസ്ഇബിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എടപ്പാടി കത്തില്‍ പറയുന്നു.
സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. 142 അടി വരെ ജലിനരപ്പ് ഉയര്‍ന്നാലും ഡാം സരക്ഷിതമാണെന്നാണ് തമിഴ്നാട് നേരത്തേയും വ്യക്തമാക്കിയിരുന്നത്. കേന്ദ്രം ഇടപെട്ടിട്ടും തങ്ങളുടെ നിലപാട് തിരുത്താന്‍ ഇവര്‍ തയ്യാറായില്ല.
അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി അറിയിക്കാന്‍ മുല്ലപ്പെരിയാര്‍ സമിതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നാളെ രാവിലെ റിപ്പോര്‍ട്ട് അറിയിക്കണം. ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ സാധിക്കുമോ എന്ന് സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കേസ് വീണ്ടും പരിഗണിക്കും.