മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുയര്‍ത്തി.പെരിയാര്‍തീരത്ത് വന്‍ പ്രതിഷേധം

കുമളി :മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയെത്തിയതോടെ മുന്നറിയിപ്പില്ലാതെ സ്പില്‍വേയുടെ എട്ടു ഷട്ടറുകള്‍ തമിഴ്നാട് തുറന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്‌പില്‍വേയുടെ ഷട്ടറുകള്‍ തമിഴ്‌നാട്‌ തുറന്നത്‌ ചട്ടം ലംഘിച്ച്‌. ഷട്ടറുകള്‍ തുറക്കുന്ന കാര്യം കേന്ദ്ര ജലക്കമ്മീഷനെ തമിഴ്‌നാട്‌ അറിയിച്ചില്ല. സ്‌പില്‍വേയുടെ ഷട്ടറുകള്‍ തുറക്കുന്നതിന്‌ മുമ്പ്‌ ഷട്ടര്‍ഗേറ്റ്‌ ഓപ്പറേറ്റിങ്‌ മാനുവല്‍ കേന്ദ്ര ജലക്കമ്മീഷന്‌ സമര്‍പ്പിക്കണമെന്ന ചട്ടവും തമിഴ്‌നാട്‌ പാലിച്ചില്ല.ഷട്ടറുകള്‍ തുറക്കുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പ്‌ ഇക്കാര്യം കേരളത്തെ അറിയിക്കണമെന്ന ചട്ടവും തമിഴ്‌നാട്‌ പാലിച്ചില്ല. ജലനിരപ്പ്‌ 142 അടിയായതിനെ തുടര്‍ന്ന്‌ ഷട്ടറുകള്‍ തുറന്നാല്‍ പ്രദേശവാസികളുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകുമെന്ന്‌ കേരളം നേരത്തെ തമിഴ്‌നാടിനെ അറിയിച്ചിരുന്നു. ഒരു സെക്കന്‍ഡില്‍ 4200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ഇടുക്കി ജില്ലാ കലക്ടറെപ്പോലും അറിയിക്കാതെയാണ് വെള്ളം തുറന്നുവിട്ടതെന്നാണ് സൂചന.സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇന്നലെ രാത്രിയില്‍ പെരിയാറില്‍ വെള്ളം പൊങ്ങി. തീരത്തെ വീടുകളില്‍ പലതിലും വെള്ളം കയറി. ആളുകള്‍ പരിഭ്രാന്തിയിലായി. ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങള്‍ രാത്രി വീടുവിട്ടിറങ്ങി.

ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യമുണ്ടായിട്ടും ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെന്ന് ചപ്പാത്തിലും വള്ളക്കടവിലും തടിച്ചു കൂടിയ ജനങ്ങള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടു കുമളിയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ‌യോഗം ജില്ലാ കലക്ടര്‍ വിളിച്ചിരുന്നു. അപ്പോഴും ഷട്ടറുകള്‍ തുറക്കുന്നതിനെക്കുറിച്ചു തമിഴ്നാട് ഒരു സൂചനയും നല്‍കിയില്ല. കേരളത്തിലെ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെ തമിഴ്നാട് ജലവിഭവ അധികൃതര്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയായിരുന്നു. കേരള ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണു സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തമിഴ്നാടിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. കേന്ദ്ര ജലകമ്മിഷനെയും തമിഴ്നാട് വിവരം അറിയിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയില്‍ 13 ഷട്ടറുകളാണുള്ളത്. ഇതില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ ഏഴു ഷട്ടറുകള്‍ ഇന്നലെ രാത്രി എട്ടുമണിയോടെ ഒന്നര അടി വീതം ഉയര്‍ത്തുകയായിരുന്നു. രാത്രി വൈകി ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. അനുവദനീയ ജലനിരപ്പായ 142 അടിയില്‍ എത്തുന്നതിനു മുന്‍പുതന്നെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തമിഴ്നാട് നിര്‍ബന്ധിതരാവുകയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ബാക്കിയുള്ള ഷട്ടറുകളും ഇന്നു തുറക്കും.

ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തയച്ചു. ജലനിരപ്പ് 142 അടിയിലെത്താതെ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 140 അടിയിലേറെ ജലനിരപ്പെത്തുന്നത് അപകടകരമാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ് തിരുവനന്തപുരത്ത് അറിയിച്ചിരുന്നു. സ്പില്‍വേ തുറക്കുംമുന്‍പ് 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞെങ്കിലും നടപ്പായില്ല. വള്ളക്കടവില്‍ 129, ഉപ്പുതറയില്‍ 70, അയ്യപ്പന്‍കോവിലില്‍ ഏഴ് എന്നിങ്ങനെയാണു മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങളുടെ എണ്ണം. ഇന്നലെ രാവിലെ 141.7 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടു 141.8 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലാ കലക്ടര്‍ വി. രതീശന്‍, ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ ക്യാംപ് ചെയ്യുകയാണ്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത് പെരിയാര്‍ നിവാസികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണു നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഷട്ടറുകള്‍ ഒന്നൊന്നായി തുറന്നതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ പലതിലും വെള്ളം കയറിയപ്പോള്‍ വീട്ടമ്മമാരുള്‍പ്പെടെയുള്ളവര്‍ രോഷവുമായി എത്തി.
ഷട്ടറുകള്‍ തുറന്ന വിവരം പെരിയാര്‍ നിവാസികളില്‍ പലരും ഇന്നലെ രാത്രി ടിവി വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. ഇതോടെ ചപ്പാത്തിലും വള്ളക്കടവിലും നാട്ടുകാര്‍ രാത്രിയില്‍ സംഘടിതരായി പുറത്തിറങ്ങി. ഷട്ടര്‍ തുറക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പു മുന്നറിയിപ്പു നല്‍കുമെന്നും രാത്രിയില്‍ തുറക്കില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. കലക്ടറെപ്പോലും അറിയിക്കാതെ തമിഴ്നാട് ഷട്ടറുകള്‍ തുറക്കുകയായിരുന്നു.

രാത്രി എട്ടുമണയോടെ പെരിയാറില്‍ വെള്ളം ഇരച്ചെത്തിയപ്പോഴാണു നിവാസികളില്‍ പലരും വെള്ളം ഉയരുന്ന കാര്യം അറിഞ്ഞത്. ഇതോടെ ജില്ലാ ഭരണകൂടത്തിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നിശിത വിമര്‍ശനവുമായി ആളുകള്‍ സംഘടിച്ചു. പെരിയാര്‍ തീരം വിട്ടു പോകില്ലെന്ന് ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്ന. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ അവരെയും പെരിയാര്‍ നിവാസികള്‍ പ്രതിഷേധം അറിയിച്ചു. വന്‍ പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. വള്ളക്കടവ് മേഖലയിലാണു പ്രതിഷേധം കൂടുതലും.ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും പരിസരവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വി. രതീശന്‍ അറിയിച്ചു.

Top