കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനെതിരെയും അദ്ദേഹത്തിന്‍റെ ജനരക്ഷയാത്രക്കെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളിരാമചന്ദ്രന്‍ രംഗത്ത്. യാത്രയിലൂടെ സുധീരന്‍ ലക്ഷ്യം വയ്ക്കുന്നത് മൂന്നാം ഗ്രൂപ്പാണെന്നും ഇക്കാര്യം ഡിസിസി പുനഃസംഘടനയില്‍ വ്യക്തമായതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടി പുനഃസംഘടനയില്‍ തന്നെ പൂര്‍ണമായും അവഗണിക്കുകയാണ് ഉണ്ടായത്. മാത്രമല്ല ഒന്നിനും കൊള്ളാത്തവരെയാണ് സുധീരന്‍ ഡിസിസികളില്‍ തിരുകിക്കയറ്റുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം ജനരക്ഷയാത്ര നടത്താന്‍ താനില്ലെന്നും വടകരയിലെ പരിപാടികളില്‍ നിന്ന് മനഃപൂര്‍വം മാറിനിന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. തിരക്കുകള്‍ കാരണമായിരിക്കാം അദ്ദേഹം ജനരക്ഷാ യാത്രയ്ക്ക് കോഴിക്കോട് നല്‍കിയ സ്വീകരണ യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നതെന്നും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യാത്രയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് വിശദീകരണം ചോദിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.ശനിയാഴ്ചയാണ്, മുല്ലപ്പള്ളിയുടെ മണ്ഡലമായ വടകര അടക്കമുള്ള ജില്ലയിലെ സ്ഥലങ്ങളില്‍ ജനരക്ഷായാത്രയ്ക്ക് സ്വീകരണം നല്‍കിയത്. എന്നാല്‍, സ്ഥലത്തുണ്ടായിരുന്നിട്ടും മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.