ശബ്ദസന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശാനും വിശുദ്ധനാക്കാനും:മുല്ലപ്പള്ളി

സ്വപ്‌നയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശാനും വിശുദ്ധനാക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജുഡീഷ്യല്‍ കസ്റ്റഡയില്‍ കഴിയുന്ന ആന്താരാഷ്ട്ര കുറ്റവാളിയായ സ്വപ്‌നയുടെ പേരില്‍ എങ്ങനെയാണ് ശബ്ദരേഖ പുറത്ത് വന്നതെന്ന് കണ്ടെത്തേണ്ട വിഷയമാണ്.ശബ്ദരേഖ പുറത്ത് വന്നത് ജയിലിനകത്ത് നിന്നാണെങ്കിലും അതലല്ല ജയിലിന് പുറത്തു നിന്നാണെങ്കിലും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.അന്താരാഷ്ട്രമാനമുള്ള സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള അഴിമതികളില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കേണ്ടത് സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ആവശ്യമാണ്. പുറത്ത് വന്ന ശബ്ദരേഖയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയും സിപിഎമ്മുമാണ്.സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം രക്ഷിക്കാന്‍ പോലീസ് നടത്തിയ രാഷ്ട്രീയ നാടകമാണ് ശബ്ദസന്ദേശത്തിന് പിന്നില്‍.ജയില്‍ അധികൃതരും പോലീസും സാങ്കേതികത്വം പറഞ്ഞ് ഇതുസംബന്ധമായ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തില്ല. ഇതുസംബന്ധിച്ച സത്യം പുറത്ത് കൊണ്ടുവരാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ തന്നെ ഒരു സമഗ്രമായ അന്വേണം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഭരണഘടനാ അനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ അതേ പാതിയിലാണ് മുഖ്യമന്ത്രിയും. സിപിഎമ്മും മുഖ്യമന്ത്രിയും നേരിടുന്ന നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബവുമായി ബന്ധപ്പെട്ട കേസിലും നിശബ്ദത പുലര്‍ത്തിയിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് പിന്നിലും വ്യക്തമായ തിരക്കഥയുണ്ട്.സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയും ഡിജിപിയും ഇതിന് മറുപടി നല്‍കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top