സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: ഐ.പി.എല്ലിലെ ആദ്യ സൂപ്പർ ഓവറിൽ കൈവിട്ട വിജയം തിരിച്ചു പിടിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 12 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്തിനു സാധിക്കാതെ പോവുകയായിരുന്നു. ബുംറയുടെ ബൗളിംഗ് മികവാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
ഗുജറാത്തിനു വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത് ഫോക്നറായിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥീവ് പട്ടേലിന്റെ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് ലയൺസിനെതിരെ അനായാസ വിജയം നേടാൻ മുംബൈ ഇന്ത്യൻനസിനു സാധിക്കുമായിരുന്നു. എന്നാൽ അവസാന പന്തിൽ ഒരു റൺസകലെ വിജയമെത്തി നിൽക്കെ മലിംഗ പുറത്തായതാണ് മത്സരഫലമറിയാൻ സൂപ്പർ ഓവറിലേക്ക് കാത്തിരിക്കേണ്ടി വന്നത്. 70 എടുത്തു പുറത്തായ പട്ടേൽ തന്റെ ഒമ്പതാം അർധ സെഞ്ച്വറിയാണ് ഇന്നു കുറിച്ചത്.
മൂന്ന് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ലസിത് മലിംഗയുമാണ് ഗുജറാത്തിനെ താരതമ്യേനെ ചെറിയ സ്‌കോറിൽ ഒതുക്കിയതെന്നും പറയാം. 153-9 എന്ന നിലയിൽ ഗുജറാത്തിനെ മുംബൈ ബൗളർമാർ തളച്ചിടുകയായിരുന്നു.
അതേസമയം, ഐ.പി.എല്ലിലെ മറ്റൊരു മത്സരത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനോട് തോറ്റ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെ ഓഫ് കാണാതെ പുറത്തായി. ഇതോടെ പ്ലെ ഓഫിലെത്താതെ പോകുന്ന ഈ സീസണിലെ ആദ്യ ടീമായി റോയൽ ചലഞ്ചേഴ്സ്.