സ്വന്തം ലേഖകൻ
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും രാജ്യത്തെ ഞെട്ടിച്ച് മുംബൈ. കാശ്മീരിലെ ഉറിയിൽ ഭീകരാക്രമണമുണ്ടായതിനു പിന്നാലെ മുംബൈയിൽ ആയുധധാരികളായ സംഘത്തെ കണ്ടതായുള്ള യുവാക്കളുടെ വെളിപ്പെടുത്തലാണ് പൊലീസിനെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെയും കുടുക്കിയിരിക്കുന്നത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചിൽ തുടരുന്നു. മഹാരാഷ്ട്രാ പോലീസും ഭീകരവിരുദ്ധ സേനയും നാവിക സേനയുമാണ് തെരച്ചിൽ നടത്തുന്നത്്. ഇതുവരെ ഒരു വിവരവും കിട്ടാത്ത സാഹചര്യത്തിൽ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
20 വയസ്സിൽ താഴെ മാത്രം പ്രായം വരുന്ന മെലിഞ്ഞ ഒരാളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ വിവരം ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉറാന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ജവഹർലാൽ തുറമുഖവും ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളും നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ നാലു പേരെ കണ്ടതായി പോലീസിന് വിവരം കിട്ടിയത്. രാവിലെ സായുധരായി മുഖംമറച്ച കറുത്ത വസ്ത്രം ധരിച്ച അഞ്ചു പേരെ ഐഎൻഎസ് അഭിമന്യുവിന് സമീപം കണ്ടെത്തിയതായി ഉറാൻ എഡ്യൂക്കേഷൻ സൊസൈറ്റിയിലെ രണ്ടു വിദ്യാർത്ഥികൾ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രാ പോലീസും നാവിക സേനയും വ്യാഴാഴ്ച രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കണ്ടെത്തിയത് തീവ്രവാദികളെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവർ ഏതെങ്കിലും സംസ്ഥാനത്തേക്ക് കടന്നോ എന്നും വ്യക്തമല്ല. വിദ്യാർത്ഥികൾ വിവരം നൽകിയപ്പോൾ തന്നെ അധ്യാപകർ വിവരം പോലീസിന് കൈമാറിയിരുന്നു. ഒരാളെ കണ്ടെന്നായിരുന്നു ഒരു വിദ്യാർത്ഥി പറഞ്ഞത്. നാലു പേരെ കണ്ടതായിട്ടാണ് മറ്റേ വിദ്യാർത്ഥി പറഞ്ഞത്. പാകിസ്താൻകാർ ധരിക്കുന്ന രീതിയിലുള്ള പത്താൻകോട്ട് ധരിച്ച അപരിചിതമായ ഭാഷയിൽ സംസാരിക്കുന്ന തോക്കുധാരികളെന്നാണ് കുട്ടികൾ നൽകിയ മൊഴി. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കൻ കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറി തീവ്രവാദികൾ ആക്രമണം നടത്തിയത്.