ഇറച്ചി കഴിക്കുന്നവര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റ് നിഷേധിക്കുന്നത് മുംബൈയില്‍ സ്ഥിര സംഭവമാകുന്നു. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് മുംബൈ നഗരസഭ വ്യക്തമാക്കി. പോലീസിനുമാത്രമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാവുകയുള്ളൂവെന്ന് നഗരസഭാപരിഷ്‌കരണസമിതി യോഗത്തില്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മിഷണര്‍ ചന്ദ്രശേഖര്‍ ചൗരെ അറിയിച്ചു. തികച്ചും വര്‍ഗ്ഗീയമായ നടപടികളാണ് ഫ്‌ലാറ്റ് ഉടമകളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.
നഗരസഭാനിലപാടിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നു. ബി.ജെ.പി. നിലപാട് വ്യക്തമാക്കിയില്ല. നഗരസഭാ ഭരണസമിതിക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാവില്ലെന്ന് ശിവസേന നഗരസഭാഗം കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. കെട്ടിടനിര്‍മാണത്തിനാവശ്യമായ എല്ലാ അനുമതികളും നല്‍കുന്നത് നഗരസഭയാണ്. ഈസാഹചര്യത്തില്‍ കെട്ടിടനിര്‍മാതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് കഴിയുമെന്ന് കോണ്‍ഗ്രസ് അംഗം അഷ്‌റഫ് അസ്മി പറഞ്ഞു.
ഈപ്രശ്‌നം പലപ്രാവശ്യം പരിഷ്‌കരണസമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടുള്ളതാണെന്ന് ബി.ജെ.പി. അംഗവും സമിതിയുടെ മുന്‍ ചെയര്‍മാനുമായ പ്രകാശ് ഗംഗാധരെ പറഞ്ഞു. പോലീസിനുമാത്രമേ ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.