
സ്വന്തം ലേഖകൻ
മുണ്ടക്കയം: രണ്ടര വയസുള്ള മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടിയും ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് അമ്മയെയും രണ്ടു മക്കളെയും ഗുരുതരമായ പരുക്കുകളോടെ വീടിനുള്ളിൽ കണ്ടെത്തിയത്.
മുണ്ടക്കയം മേലോരം പന്തപ്ലാക്കൽ ജെസിയാണ് മകൾ അനീറ്റയെ കൊലപ്പെടുത്തിയതെന്നു പൊലീ് പറഞ്ഞു. ഇവരുടെ മൂത്ത കുട്ടി അനുമോൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവങ്ങൾ. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവ പരമ്പരകൾ അരങ്ങേറിയത്. വീടിനുള്ളിൽ നിന്നു ബഹളം കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്.
വിഷം കഴിച്ച് അവശനിലയിലായിരുന്നു ജെസി. ഇവർ അറിയിച്ച പ്രകാരമാണ് മുറിക്കുള്ളിൽ പരുക്കുകളോടെ കിടക്കുന്ന അനുമോളെ കണ്ടത്. തുടർന്നു ബന്ധുക്കൾ ചേർന്ന് ആദ്യം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പി്ച്ചു. ജെസി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചു ഇനിയും വ്യക്തത വന്നിട്ടില്ല.