കൊച്ചി: മുനമ്പത്തിനടുത്ത് പുറങ്കടലില്‍ ബോട്ടിലിടിച്ച കപ്പല്‍ എം.വി.ദേശശക്തിയെന്ന് സ്ഥിരീകരണം. കപ്പലിന്റെ ക്യാപ്റ്റനെയും ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറൈന്‍ മര്‍ക്കന്റൈയില്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.
ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെയായിരുന്നു അപകടം. മുനമ്പം ഹാര്‍ബറില്‍നിന്ന്? 14 തൊഴിലാളികളുമായി പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ നാട്ടിക പുറംകടലില്‍ വെച്ച് 3.30 ഓടെയായിരുന്നു സംഭവം.
അപകടമുണ്ടാകുമ്പോള്‍ ഡ്രൈവറൊഴികെ ബാക്കിയെല്ലാവരും ഉറങ്ങുകയായിരുന്നു. കപ്പല്‍ ബോട്ടില്‍ ഇടിച്ചതിനു ശേഷം രണ്ടു മണിക്കൂറോളം വെള്ളത്തില്‍ കിടന്നുവെന്നും തുടര്‍ന്ന് മറ്റൊരു ബോട്ട് അരികിലൂടെ വന്നപ്പോള്‍ കൈകാണികുകയും അവര്‍ വടമിട്ട് രക്ഷിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
അപകടത്തില്‍ നാലുപേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. അപകടത്തില്‍ കാണാതായ തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.