
പൊളിറ്റിക്കൽ ഡെസ്ക്
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ വേ്ങ്ങരയിൽ നടക്കുന്ന നിയമസഭാ ഉപതിറഞ്ഞെടുപ്പിൽ കെപിഎ മജീദിനെ സ്ഥാനാർഥിയാക്കാൻ മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം പ്ദ്ധതി തയ്യാറാക്കി. മുസ്ലീം ലീഗിൽ നിയമസഭയിലെ സീനിയർ അംഗകമായ എം.കെ മുനീറിനെ ഒതുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കെപിഎ മജീദിനെ സ്ഥാനാർഥിയാക്കാൻ കുഞ്ഞാലിക്കുട്ടി വിഭാഗം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 22ന് ലീഗ് പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. ഇവിടെ വച്ചാവും മുനീറിനെ പാർലമെന്റി പാർട്ടി നേതാവായി പ്രഖ്യാപിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയിൽ ലീഗ് പാർലമെന്ററി പാർട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് മുനീറിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. നിലവിൽ പാർലമെന്ററി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് എം.കെ മുനീർ. എം.കെ മുനീറിന് താൽകാലിക ചുമതല മാത്രം നൽകിയാൽ മതിയെന്ന അഭിപ്രായമാണിപ്പോൾ പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. വേങ്ങരയിൽ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് ലീഡർ പദവി നൽകണമെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നിലപാട്. നിലവിൽ കെ എം ഷാജി മാത്രമാണ് എം കെ മുനീറിനെ പിന്തുണയ്ക്കുന്നത്. കൂടാതെ യൂത്ത് ലീഗിലെ ഒരു വിഭാഗത്തിനും മുനീറിനോട് പ്രത്യേക താൽപര്യമുണ്ട്.
കോഴിക്കോട് സൗത്ത് എം എൽ എയായ മുനീറിനെതിരെ ഏറെക്കാലമായി പാർട്ടിയിൽ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇടക്കാലത്ത് മുനീറിന്റെ നിലപാടിൽ മാറ്റം വരികയും പാണക്കാട് തങ്ങളുടെ നിർദേശങ്ങൾ പോലും പലതും അംഗീകരിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇതാണ് മുനീറിനെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
മുനീർ പാർലമെന്ററി പാർട്ടി നേതാവായാൽ ഡപ്യൂട്ടി ലീഡർ പദവിയിലേക്ക് പുതിയ ആളെ നിശ്ചയിക്കേണ്ടി വരും. വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹ്മദ് കബീർ, പി.കെ അബ്ദുറബ്ബ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. വേങ്ങരയിൽ നിന്നും കെ പി എ മജീദിനെ നിയമസഭയിലെത്തിച്ച് കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനാക്കാനാണ് മുനീർ വിരോധികളുടെ നീക്കം. അങ്ങനെയെങ്കിൽ മുനീറിന് താൽക്കാലിക ചുതമല മാത്രമാകും ഇപ്പോൾ ലഭിക്കുക.