തിരുവനന്തപുരം: മൂന്നാറിലെ സമരത്തിനു പിന്നിൽ തമിഴ് തീവ്രവാദികളാണെന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവന്റെ പരാമർശത്തിനെതിരെ പാർട്ടി തന്നെ രൂക്ഷമായി രംഗത്തെത്തി. അതോടെ സഹദേവൻ പ്രസ്താവന പിൻവലിച്ച് തടിയൂരി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് സഹദേവനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. മൂന്നാർ സമരത്തിന് പിന്നിൽ തമിഴ് തീവ്രവാദ സംഘടനകളുണ്ടെന്നാണ് പ്രാഥമികമായി തങ്ങൾക്ക് കിട്ടിയ വിവരമെന്നായിരുന്നു സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മൊബൈൽ ഫോൺവഴി ലഭിച്ച നിർദ്ദേശമനുസരിച്ചാണ് സമരം നടന്നത്. സമരക്കാർക്ക് ഭക്ഷണവും വെള്ളവും എവിടെ നിന്ന് കിട്ടിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസ്താവന വിവാദമായതോടെയാണ് സഹദേവനെ നേതാക്കൾ തള്ളിപ്പറഞ്ഞത്. മൂന്നാറിൽ തേയില തൊഴിലാളി സ്ത്രീകൾ നടത്തിയ സമരം ഐതിഹാസികമാണെന്ന് വി.എസ് .അച്യുതാനന്ദൻ കാട്ടാക്കടയിൽ പറഞ്ഞു. സമരത്തിന് പിന്നിൽ തമിഴ് തീവ്രവാദികൾ ആണെന്ന യൂണിയൻ നേതാക്കളുടെ ആരോപണം സമരത്തിൽ അവരെ അടുപ്പിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ്. മൂന്നാറിലെ ട്രേഡ് യൂണിയൻ നേതാക്കൾ ടാറ്റായിൽ നിന്നും കുത്തക മുതലാളിമാരിൽ നിന്നും വീടുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പറ്റിയിട്ടുള്ളവരാണെന്നും വി.എസ് പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ട്രേഡ് യൂണിയൻ നേതാക്കൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് കോടിയേരി ബാലകൃഷ്ണൻ പാലക്കാട്ട് പറഞ്ഞു. മൂന്നാർ സമരത്തിന്റെ പശ്ചാത്തലത്തിൽ ട്രേഡ് യൂണിയനുകൾ സ്വയം വിമർശനത്തിനു തയ്യാറാകണം. മൂന്നാറിലെ സമരം വി.എസ്. അച്യുതാനന്ദന്റെ സമരമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുകയാണ്. വി.എസും പാട്ടിയും ഒന്നാണെന്നും സമരം സി.പി.എം ഏറ്റെടുക്കുമെന്നു താൻ തന്നെ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണെന്നും കോടിയേരി പറഞ്ഞു. മൂന്നാറിലെ ഐതിഹാസികമായ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന സി.ഐ.ടി.യു സെക്രട്ടറിയുടെ വാദം സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ തള്ളിക്കളഞ്ഞു. മൂന്നാർ സമരത്തിന് സി.ഐ.ടി.യുവിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നുവെന്ന് ആനത്തലവട്ടം വ്യക്തമാക്കി. തൊഴിലാളികൾ നടത്തുന്ന സമരത്തെ ഹൈജാക്ക് ചെയ്യാൻ ഒരു തീവ്രവാദ സംഘടനയ്ക്കും കഴിയില്ല. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നിലനിറുത്താനുള്ള സമരമാണ് അവിടെ നടന്നത്. ആ സമരത്തോടൊപ്പം അണിചേരുകയായിരുന്നു കേരളത്തിന്റെ മനസ്സാക്ഷിയും സി.ഐ.ടി.യുവും. ഏകമനസോടെ സമരം ചെയ്ത് വിജയം വരിച്ച തൊഴിലാളികളെ അഭിനന്ദിക്കുന്നു. തുടർന്നുള്ള സമരങ്ങളിൽ സി.ഐ.ടി.യുവിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ആനത്തലവട്ടം പ്രഖ്യാപിച്ചു.