തൃശ്ശൂര്‍: മുന്‍ഷി എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രിയങ്കരനായ മുന്‍ഷി വേണു അന്തരിച്ചു. 63 വയസായിരുന്നു. ചാലക്കുടിയിലെ ആസുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചാലക്കുടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ജനപ്രീതി ആര്‍ജ്ജിച്ച് പ്രോഗ്രാമായിരുന്നു മുന്‍ഷി. മുന്‍ഷിക്കു പുറമേ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേണു അഭിനയിച്ചിട്ടുണ്ട്.
അനില്‍ബാനര്‍ജിയുടെ സംവിധാനത്തില്‍ മലയാളത്തിലെ മിനി സ്‌ക്രീനില്‍ പുതിയൊരു അനുഭവം തുറന്നിട്ട മുന്‍ഷിയിലെ വേണുവിന്റെ പല്ലില്ലാത്ത ചിരിയും പഞ്ച് ഡയലോഗുകളും ഇഷ്ടപ്പെട്ടിരുന്ന ഏറെ മലയാളികളുണ്ട്. മുന്‍ഷി പരിപാടിയിലെ പരിചിത മുഖങ്ങളിലൊന്നായിരുന്നു മുന്‍ഷി. മുന്‍ഷിയിലെ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കായി തന്റെ പല്ല് പറിക്കുകയായിരുന്നു. മുന്‍ഷിയിലൂടെയാണ് വേണു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് മമ്മൂട്ടി അടക്കമുള്ളവരുടെ സിനിമകല്‍ അഭിനയിച്ചു. ഛോട്ടാ മുംബൈയില്‍ ‘മോനേ ഷക്കീല വന്നോ’ എന്ന ഒറ്റ ചോദ്യത്തിലെ സീന്‍ മതി വേണുവിന്റെ അഭിനയം എന്നും ഓര്‍ക്കാന്‍.
മുന്‍ഷിയിലെ മെമ്പറായി സ്‌ക്രീനില്‍ പഞ്ചും ചിരിയുമുള്ള ഡയലോഗ് പറയുമ്പോഴും വേണുവിന്റെ ജീവിതം നിറയെ ദുരിതത്തിലായിരുന്നു. വൃക്കരോഗം വന്നതോടെ അഭിനയത്തിലൂടെ കിട്ടുന്ന പ്രതിഫലം മുഴുവന്‍ ചികിത്സയ്ക്കു ചെലവഴിക്കേണ്ടനിലയായി. സ്വന്തമായി വീടില്ല. ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു പത്തുവര്‍ഷമായി താമസിച്ചിരുന്നത്. വാര്‍ധക്യത്തിന്റെ അസ്‌കിതകള്‍ രൂക്ഷമായപ്പോള്‍ സിനിമാഭിനയം നിര്‍ത്തിയതോടെ വരുമാനത്തില്‍ വലിയ കുറവുമുണ്ടായി.
കൈയിലെ പണം ചികിത്സയ്ക്കു മാത്രമായി ചെലവഴിക്കേണ്ട നില വന്നതോടെ ലോഡ്ജില്‍ വാടക കൊടുക്കാന്‍ കഴിയാതെയായി. തുടര്‍ന്നു മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണു കഴിഞ്ഞിരുന്നത്. പണമില്ലാത്തതിനാലാണു വൃക്കമാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും ചെയ്യാതിരുന്നത്. അവിവാഹിതനാണ്. രോഗാവസ്ഥയിലാണെന്നറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സഹായിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയാണു വേണു. വേണു നാരായണന്‍ എന്നാണു മുഴുവന്‍ പേര്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സിനിമാ മോഹം തലയ്ക്കു പിടിച്ചു. പഠനം കഴിഞ്ഞപ്പോള്‍ കോടമ്പാക്കത്തേക്കു വണ്ടി കയറി. ഏറെക്കാലം ചെന്നൈയിലായിരുന്നു. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട നിരവധി തൊഴിലുകള്‍ ചെയ്തു ജീവിച്ചു.