ആക്ഷേപഹാസ്യ പരിപാടിയായ മുന്‍ഷിയിലൂടെ പ്രശസ്തനായ നടന് വേണു അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ “മുന്‍ഷി വേണു” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക് ഓടിയെത്തും. രണ്ടു വര്‍ഷത്തോളം വേണു മുന്‍ഷിയില്‍ തിളങ്ങി നിന്നിരുന്നു. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര ആയിരുന്നു ആദ്യ സിനിമ. പിന്നീട് ചെറുതും വലുതുമായ അറുപതോളം സിനിമകളില്‍ അഭിനയിച്ചു.
ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയില്‍ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാല്‍ കഴിഞ്ഞ 10 വര്‍ഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്. കാണികളെ പൊട്ടിച്ചിരിപ്പിച്ച വേണുവിന്റെ ദിനങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. തെരുവില്‍ അലഞ്ഞ് നടന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറില്‍ എത്തിച്ചത്.