തിരുവനന്തപുരം:കെ കരുണാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് കെ മുരളീധരന്‍ എംഎല്‍എയുടെ മറുപടി. പിണറായി വിജയന് ലക്ഷ്മി നായരോട് വിധേയത്വമെന്ന് കെ.മുരളീധരന്‍. ലോ അക്കാദമി വിഷയത്തിലേയ്ക്ക് കെ.കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ലക്ഷ്മി നായരോട് മുഖ്യമന്ത്രിയ്ക്കുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. കരുണാകരന്‍ ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവാണെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങിയാല്‍ ആരും തിരിഞ്ഞുനോക്കില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.
ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണ് കെ കരുണാകരന്‍ ഭൂമി പതിച്ച് നല്‍കിയത്. ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായി എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.ലോ അക്കാദമി വിഷയത്തില്‍ കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളുമായ ഗവേണിങ് ബോഡിനാണ് കെ കരുണാകരന്‍ ഭൂമി പതിച്ചുനല്‍കിയത്. എന്നാല്‍ ഇപ്പോഴത് സ്വകാര്യ ഭൂമിയായാണ് ഉപയോഗിക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.
ഓരോ ദിവസം കഴിയുംതോറും താന്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ അര്‍ഹനല്ലെന്ന് പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.എത്രനാള്‍ അവിടെ ഇരിക്കുമെന്ന് അറിയില്ല. എന്നാല്‍ സ്ഥാനത്ത് നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ആരും പിണറായി വിജയനെ തിരിഞ്ഞുനോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്‍ ലോ അക്കാദമിയ്ക്ക് ഭൂമി കൊടുത്ത വിഷയത്തില്‍ കെ.മുരളീധരന്‍ നിരാഹാരം കിടക്കുന്നത് എന്തിനാണെന്ന് പരിഹസിച്ച് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണമാണ് ഇപ്പോള്‍ മുരളീധരന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ മുരളീധരന്‍ അച്ഛന്റെ സൈ്വരം കെടുത്തി. ഇപ്പോള്‍ ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം കിടന്ന് അച്ഛന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുന്നു. ഇവരൊക്കെ ആത്മാവിനെ വിശ്വസിക്കുന്നവരായിരിക്കില്ല. അങ്ങനെയെങ്കില്‍ അച്ഛന്റെ ആത്മാവ് എന്തായിരിക്കും ഇപ്പോള്‍ പറയുന്നത് എന്ന് ഇവര്‍ ആലോചിക്കുന്നുണ്ടാകുമോ എന്നും പിണറായി ചോദിച്ചിരുന്നു.എന്നാല്‍, കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി നല്‍കിയത് ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണെന്നും ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.