ഐഎസും കേരളത്തിലെ സ്വർണക്കടത്തും തമ്മിലെന്ത്; അന്വേഷണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേയ്ക്കും

സ്വന്തം ലേഖകൻ

കോച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന് ഐ.എസുമായി ബന്ധമുണ്ടെന്നു വിവരം. ദുബായിൽനിന്നു കൊച്ചിയിലേക്ക് വിദേശികളെ ഉപയോഗിച്ച് വൻതോതിൽ സ്വർണം കടത്തിയ കേസിൽ കോഫെപോസ ചുമത്തപ്പെട്ട കലൂർ സ്വദേശി നിബു മാത്യു വർഗീസും ദുരൂഹസാഹചര്യത്തിൽ കാണാതായി ഐ.എസിൽ ചേർന്നെന്ന് സംശയിക്കുന്ന 20 അംഗ സംഘവും ഒരേ താവളത്തിലാണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സംസ്ഥാനത്തും വിദേശത്തും ശൃംഖലകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനും തീവ്രവാദ സംഘങ്ങളും ഐഎസുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഇവർ കോടികൾ വർഷാ വർഷം മാറ്റിവയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദികളുടെ പറുദീസയായ കിഷ് ദ്വീപിലാണ് നിബുവും ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികളും ഉള്ളതെന്നാണ് കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിശ്വസനീയമായ വിവരം. ഇതേത്തുടർന്ന് ഐ.എസ്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഇതു സംബന്ധിച്ചും അന്വേഷണം തുടങ്ങി. വ്യാജ പാസ്‌പോർട്ടിന്റെ പറുദീസയായ കിഷ് ദ്വീപിൽനിന്നു കേരളത്തിലേക്ക് പണമൊഴുകുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം ഐ.എസ്. ബന്ധം ആരോപിച്ച് രാജ്യത്തു പിടിയിലായവരുടെ എണ്ണം 55 ആയെന്നും പല സംസ്ഥാനങ്ങളിലും ഐ.എസ്. പതാകകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി വെളിപ്പെടുത്തുന്നു. ഇതേത്തുടർന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ടിങ് വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഇന്റലിജൻസ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കേരളത്തിലെ സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി കേരള പോലീസും അന്വേഷണം നടത്തണമെന്നാണ് നിർദേശം. എന്നാൽ, കേരളത്തിലെ സുരക്ഷാ സംവിധാനങ്ങൾക്കും നിരീക്ഷണങ്ങൾക്കും നേരത്തേ വീഴ്ചകൾ സംഭവിച്ചിരുന്നെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.
തടിയന്റെവിട നസീർ, തടിയന്റെവിട ഷമീം, റിയാസ് ഭട്കൽ, റാണ, ഡേവിഡ് കോൾമാൻ ഹെഡ്‌ലി, മുംബൈ, ബംഗളുരു സ്‌ഫോടനത്തിനു പണം കൈമാറിയ കേസിൽ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് സമീർ, ഇയാളുടെ മൊഴിയിൽ പറയുന്ന ജമായത്തുൾ അൻസരുൽ മുസ്ലിമിൻ എന്ന സംഘടനയിലെ വാസിർചന്ദ് പ്രതിസി ഇങ്ങനെ കേരളത്തിലെത്തിയ വിധ്വംസക പ്രവർത്തകരെ കണ്ടെത്താൻ പോലീസിന്റെ സുരക്ഷാക്രമീകരണങ്ങൾക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ തെളിവെടുപ്പിനെത്തിച്ച ആർഷി ഖുറേഷി കേരളത്തിൽ പല തവണ വന്നിട്ടും കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിയാതിരുന്നതും വീഴ്ചയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിരീക്ഷണം ശക്തമാക്കുന്നത്. എന്നാൽ, ഇസ്ലാമിക് സ്‌റ്റേറ്റിലേക്കു യുവതീയുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന ആരോപണം, പിടിയിലായ മുംബൈ സ്വദേശി ആർഷി ഖുറേഷി വീണ്ടും നിഷേധിച്ചു. മതംമാറ്റത്തിനു താൽപര്യം പ്രകടിപ്പിക്കുന്നവരെ അതിനു സഹായിക്കുക മാത്രമാണു ചെയ്തതെന്ന് ആർഷി ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. മതംമാറിയവർ ജോലി തേടി വിദേശത്തു പോയിരിക്കാൻ സാധ്യതയുണ്ടെന്നും അവരെ കണ്ടെത്താൻ കഴിയുന്നതോടെ സംശയങ്ങൾ മാറുമെന്നുമാണ് ഇയാളുടെ നിലപാട്. എറണാകുളം സ്വദേശിനി മറിയത്തെ (മെറിൻ ജേക്കബ്) കാണാതായ കേസിലാണ് ആർഷിയെയും കൂട്ടാളി റിസ്വാൻ ഖാനെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ റിസ്വാൻ ഖാൻ ഒരു വർഷം മുമ്പ് മതംമാറ്റത്തിനു നേതൃത്വം കൊടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top