ക്രൈം ഡെസ്‌ക്
കള്ളനോട്ട് കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ വെളിപ്പെട്ടതു എട്ടു വർഷം മുമ്പ് സുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയെന്ന വിവരം. എട്ടു വർഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് ആശുപത്രിക്കവല കാലായിൽ കാക്ക മാത്തൻ എന്നുവിളിക്കുന്ന മാത്യു(44) വിനെ കൊലപ്പെടുത്തിയതാണെന്നു സുഹൃത്തും കള്ളനോട്ട് കേസിലെ പ്രതിയുമായ അനീഷ് പോലീസിനോടു പറഞ്ഞു. തലയോലപ്പറമ്പിൽ കള്ളനോട്ട് അടിച്ചതിന്റെ പേരിൽ തിരുവല്ലയിൽനിന്ന് ഒക്‌ടോബർ 23 നാണ് ടി.വി പുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടിൽ അനീഷ് (38) അറസ്റ്റിലായത്. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ‘ദൃശ്യം’ മോഡൽ കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. അനീഷിനെ പത്തു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
2008ലാണ് സംഭവം നടക്കുന്നത്. തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട മാത്യു. അനീഷ് ആശുപത്രിക്കവലയ്ക്കു സമീപം സ്റ്റിക്കർ വർക്കുകളുടെ സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേരങ്ങളിൽ അനീഷിന്റെ കടയിൽ മാത്യു സ്ഥിരംസന്ദർശകനായിരുന്നു. ഇവർ ഉറ്റസുഹൃത്തുക്കളുമായിരുന്നുവെന്നു പോലീസ് പറയുന്നു. വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്യുവിൽനിന്ന് പണം വാങ്ങിയിരുന്നു.
പണം തിരികെ ലഭിക്കാൻ വൈകിയതിനെ തുടർന്നു മാത്യു അനീഷിനെ ശല്യപ്പെടുത്തിയിരുന്നു. ഇതാണു സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്നാണു സൂചന. മാത്തനെ കൊലപ്പെടുത്തിയ ശേഷം കടയുടെ പിൻഭാഗത്തു കുഴിയുണ്ടാക്കി മൂടുകയായിരുന്നു. ഇക്കാര്യത്തിൽ അനീഷിന് സഹായികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം താഴ്ത്തിയ കുഴിയുമെല്ലാം പോലീസ് സംഘം ഇന്നു പരിശോധിക്കും. എൽസിയാണു മാത്യുവിന്റെ ഭാര്യ. മക്കൾ: നൈസി, നൈജി, ചിന്നു.
മാത്യു അപ്രത്യക്ഷമായി വർഷങ്ങൾ പിന്നിടുമ്പോഴും തിരികെയെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു ഏവരും. എന്നാൽ 2008ലെ അതിദാരുണമായ കൊലപാതകത്തിന്റെ കഥ ഇപ്പോൾ പുറത്തായതിനു പിന്നിൽ അനീഷിന്റെ കൂട്ടുപ്രതി പോലീസിനയച്ച കത്താണ്. മറ്റൊരു കേസിൽ ശിക്ഷയനുഭവിച്ചു കഴിയുന്ന സുഹൃത്ത് അയച്ച കത്തിനെ അടിസ്ഥാനമാക്കി പോലീസ് ഇയാളിൽനിന്നു മൊഴിയെടുക്കുകയായിരുന്നു.
മൊഴിയുടെ അടിസ്ഥാനത്തിൽ അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. അതേസമയം, അനീഷ് ഒറ്റയ്ക്കാവില്ല കൊല നടത്തിയതെന്നാണു പോലീസ് നിഗമനം.